ഷാർജ: ശനിയാഴ്ച സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഗതാഗതത്തിന് തുറന്ന് കൊടുത്ത ഖോർഫക്കാൻ റോഡ് യു.എ.ഇയുടെ ഗതാഗത മേഖലയുടെ സുവർണ താളുകളിൽ എഴുതപ്പെടും. ഫുജൈറ–മസാഫി റോഡിലെ ദഫ്തയിൽ നിന്ന് ആരംഭിച്ച് സീഷ് റൗണ്ടെബൗട്ടിൽ എത്തി ചേരുന്ന റോഡ് അദ്ഭുത കാഴ്ച്ചകളുടെ കലവറയാണ്. കൂറ്റൻ മലനിരകളും കുഞ്ഞരുവികളും താണ്ടി പോകുന്ന തുരങ്ക പാത ഹോളിവുഡ് സിനിമകളിലെ സാഹസിക രംഗങ്ങളിൽ കണ്ട പാതകളെ ഓർമിപ്പിക്കും. 500 കോടി ദിർഹം ചിലവിൽ പൂർത്തിയായി കൊണ്ടിരിക്കുന്ന ഈപാതയും മലകളും അണക്കെട്ടും വിദേശ സിനിമകളിൽ വൈകാതെ സ്ഥാനം പിടക്കുമെന്നാണ് ആദ്യ ദിനം ഇത് വഴി യാത്ര ചെയ്തവർ പരസ്പരം പറഞ്ഞത്. ആദ്യ ദിനത്തിൽ യാത്ര ചെയ്യാൻ വിവിധ എമിറേറ്റുകളിൽ നിന്ന് സൗജന്യ ബസ് സൗകര്യം ഷാർജ ഗതാഗത വകുപ്പ് ഒരുക്കിയിരുന്നു. ഖോർഫക്കാൻ റോഡ് 142 എന്ന പരസ്യം പതിച്ച ബസുകളാണ് ഇതിന് ഒരുക്കിയിരുന്നത്.
50 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വലിയ ബസുകളായിരുന്നു സേവനം നടത്തിയത്. ഫർഫർ പർവ്വത നിരകൾക്കൾക്കിടയിലൂടെ കടന്ന് പോകുന്ന പാതയിൽ അഞ്ച് തുരങ്കങ്ങളാണുള്ളത്. പാത ഗതാഗതത്തിന് തുറന്നിട്ടുണ്ടെങ്കിലും തുരങ്ക നിർമാണ പ്രവൃത്തികൾ പൂർണതയിൽ എത്തിയിട്ടില്ല. എന്നാൽ സൂക്ഷിച്ച് യാത്ര ചെയ്യുന്നവർക്ക് മുക്കാൽ മണിക്കൂറിനുള്ളിൽ ഖോർഫക്കാനിൽ എത്തി ചേരാം. 1.3 കിലോമീറ്റർ ദൂരമുള്ള റൂഹ് ഭൂഗർഭ പാതയാണ് ദഫ്തയിൽ നിന്ന് പോകുന്നവരെ ആദ്യം എതിരേൽക്കുക. ഈ തുരങ്കത്തിെൻറ നിർമാണം പൂർണമായിട്ടുണ്ട്. എങ്കിലും നിലവിൽ ഒരു തുരങ്കത്തിലൂടെയാണ് യാത്ര അനുവദിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാൻ. മറികടക്കൽ, അമിത വേഗത എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും ഹോൺ മുഴക്കി കടന്ന് പോവുക എന്ന ബോർഡ് എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത് വരുന്നത് 900 മീറ്റർ നീളമുള്ള അൽ ഗസീർ തുരങ്കമാണ്. ഇതിെൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്. മൂന്നാമത് വരുന്നത് 2.700 കിലോമീറ്ററ്് ദൂരമുള്ള അൽ സിദ്റ് തുരങ്കമാണ്.
പുതിയ റോഡിേലക്ക് എങ്ങനെ പ്രവേശിക്കാം
ഫുജൈറ–മസാഫി ഹൈവേയിലെ ദഫ്ത മേഖലയിൽ നിന്ന് ആരംഭിക്കുന്ന പാലത്തിലൂടെയാണ് ഖോർഫക്കാൻ പാതയിലേക്ക് പ്രവേശിക്കേണ്ടത്. മസാഫി ഭാഗത്ത് നിന്ന് വരുന്നവർ പാലത്തിന് ശേഷം കിട്ടുന്ന വലത് വശ റോഡിലേക്കാണ് കയറേണ്ടത്. പാലത്തിന് മുമ്പ് കിട്ടുന്ന വലത് വശ റോഡിലേക്ക് പോകരുത്. ഫുജൈറ ഭാഗത്ത് നിന്ന് വരുന്നവർ ആദ്യം കിട്ടുന്ന വലത് വശ റോഡിലേക്ക് കയറിയാൽ മതി. ഖോർഫക്കാൻ ഭാഗത്ത് നിന്ന് വരുന്നവർ ശീഷ് റൗണ്ടെബൗട്ടിൽ നിന്ന് നേരെ വന്നാൽ മതി. ഖോർഫക്കാൻ കോർണീഷ് റോഡിൽ നിന്ന് ഇവിടേക്ക് പെട്ടെന്ന് എത്താനാകും പുതിയ പാതയുടെ. ചിലഭാഗങ്ങളിൽ മൊബൈൽ ഫോൺ സംവിധാനം ലഭിക്കുന്നില്ല. എന്നാൽ വൈകാതെ അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
യാത്രക്കാരുടെ ശ്രദ്ധക്ക്
വളരെ സാഹസികത നിറഞ്ഞ പാതയാണിത്. തുരങ്കങ്ങളുടെ നിർമാണം പൂർത്തിയാകാനുള്ളത് കാരണം കൂറ്റൻ ലോഹ തൂണുകളും മറ്റും കവാടങ്ങളിലുണ്ട്. പോക്ക് വരവുകൾക്ക് ഇപ്പോൾ ഒരു തുരങ്കത്തിലൂടെയാണ് അനുവദിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഒരു കാരണവശാലും അമിത വേഗതയിൽ പോകാൻ ശ്രമിക്കരുത്. ഏത് സമയത്തും മറുദിശയിൽ നിന്ന് വാഹനം കടന്ന് വന്നേക്കാം എന്ന ചിന്ത മനസിലുണ്ടാവണം. തുരങ്കങ്ങൾക്കിടയിലുള്ള റോഡുകൾ അപകടം പതിയിരിക്കുന്നവയാണ്. ഇവിടെ ഹോൺ അടിക്കാൻ മടിക്കരുത്.
ഇതിെൻറ നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. എന്നിരുന്നാലും യാത്ര അനുവദനിയമാണ്. ഒരു ഗുഹക്കുള്ളിലൂടെ കടന്ന് പോകുന്ന അനുഭൂതിയാണ് നിലവിൽ ഈ തുരങ്കം പകരുന്നത്. ടാറിങ്, പ്ലാസ്റ്ററിങ് എന്നിവ നടക്കുകയാണ്. വളരെ കുറച്ച് ലൈറ്റുകൾ മാത്രമാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. മലകളിലെ ഒരുഭീമൻ ഗുഹക്കുള്ളിലൂടെ കടന്ന് പോകുന്ന സുഖം അറിയണമെങ്കിൽ ഈ പാതയിലൂടെ ഒട്ടും വൈകാതെ യാത്ര ചെയ്യണം. തുരങ്ക നിർമാണത്തിെൻറ സാഹസികതയും സാങ്കേതികതയും യാത്രക്കാർക്ക് നേരിട്ട് അനുഭവിക്കാനായിട്ട് തന്നെയാണ് ഷാർജ ഗതാഗത വിഭാഗം തുരങ്കത്തിലൂടെ യാത്ര അനുവദിച്ചിരിക്കുന്നത്. ഒരു തുരങ്കമാണ് ഇപ്പോൾ യാത്രക്ക് ഉപയോഗപ്പെടുത്തുന്നത്. മറ്റെ തുരങ്കവുമായി ബന്ധപ്പെടുത്തുന്ന ഇടവഴികൾ യാത്രയിൽ വലിയ കൗതുകവും അനുഭൂതിയും പകരും. ചില േപ്രത സിനിമകളിലെ നെഞ്ചിടിപ്പിക്കുന്ന രംഗങ്ങൾ മുന്നിലെത്തും. ഇത് കഴിഞ്ഞാൽ 1.3 കിലോമീറ്റർ ദൂരമുള്ള അൽ സഖാബ് തുരങ്കവും 300 മീറ്ററ്് ദൂരമുള്ള അവസാന തുരങ്കമായ അൽ സഹാ തുരങ്കവുമാണ് വരവേൽക്കുക.
തുരങ്ക പാതകൾക്കിടയിലുള്ള റോഡിെൻറ നിർമാണവും ബാക്കിയുണ്ട്. എന്നിരുന്നാലും യാത്രക്ക് യാതൊരു വിധ തടസവും നേരിടുകയില്ല. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നുമാത്രം. പല ഭാഗത്തും മണിക്കൂറിൽ 20 കിലോമീറ്ററാണ് നിലവിൽ അനുവദിച്ച് വേഗത. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും ശ്രദ്ധിക്കണം. മലകളിൽ നിന്ന് മൃഗങ്ങൾ ഇറങ്ങി വരുന്നതും നോക്കണം. വളവുകളിലും മറ്റും ഹോണടിച്ച് വേണം കടന്ന് പോകാൻ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ: സുൾഫിക്കർ മൈസ്റ്റൈൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.