റാസല്‍ഖൈമ: അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അനുബന്ധ നടപടികള്‍ക്കുമായി 'സാഇദ്' കമ്പനിയുമായി ചേര്‍ന്ന് റാക് പൊലീസ് പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പദ്ധതി പുറത്തിറക്കി. ചെറിയ അപകടങ്ങള്‍പോലും കൃത്യമായി രേഖപ്പെടുത്തുന്നതിനും തുടര്‍നടപടികള്‍ കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നതാണ് ആപ്ലിക്കേഷനെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു. റോഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സുരക്ഷിതമാക്കുന്നതിന് നൂതന സ്മാര്‍ട്ട് സേവന-പരിശീലനം നല്കുന്ന സാഇദ് ട്രാഫിക് സിസ്റ്റം കമ്പനിയുടെ ആപ്ലിക്കേഷന്‍ കഴിയുമെന്നും മുഹമ്മദ് സഈദ് തുടര്‍ന്നു.
അനായാസവും വേഗത്തിലുമുള്ള നിരവധി സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആപ്ലിക്കേഷനിലൂടെ അപകട സ്ഥലം, അപകട കാരണങ്ങളുടെ വിശദാംശം, അപകടത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കുന്നതിനും മാപ്പ് വഴി നടപടിക്രമങ്ങള്‍ ലളിതമായി പൂര്‍ത്തിയാക്കുന്നതിനും സഹായിക്കുമെന്ന് സാഇദ് സി.ഇ.ഒ ഇബ്രാഹിം റമല് അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി, സാഇദ് ഓപറേഷന് ആൻഡ് ഇന്സ്പെക്ഷന് വിഭാഗം എക്സി. ഡയറക്ടര്‍ ഹസന് അബ്ദുല്ല അല്‍ ദുഹൈരി, സാഇദ് നോര്‍ത്തേണ്‍ ഡയറക്ടര്‍ ഖാലിദ് അല്‍ ബലൂഷി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.