ദുബൈ: രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ് യാത്ര മുടങ്ങിയ അവസ്ഥയിലാണ്. കൂടുതൽ തുക നൽകി വിമാനത്തിൽ യാത്ര ചെയ്യണം. അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിൽ പോയിവരാൻ കഴിയാത്ത പ്രയാസവുമുണ്ട്. രാജ്യത്തിനുള്ളിൽനിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുമ്പ് ഉണ്ടായിരുന്നെങ്കിലും കോവിഡ്കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു.
ഈ ഇളവാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ, കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ് അടിച്ചശേഷം തിരിച്ചുവരണം.
ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തിവിടുന്നുമില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ് കടത്തിവിടുന്നത്.
ഇതോടെയാണ് യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തുന്നത്. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹമിന്റെ മുകളിലാണ് പാക്കേജ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാൽ, ചിലരുടെ വിസ വൈകുന്നുമുണ്ട്.
ഇവർ വിസ കിട്ടുന്നത് വരെ ഒമാനിൽ വിമാനത്താവളത്തിൽ തങ്ങുകയാണ്. ഒട്ടുമിക്ക വിസകളും നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ശരിയാവാറുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാൻ കഴിയാത്തതിനാൽ പിഴ അടക്കേണ്ട അവസ്ഥയിലാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.