മറിയം അൽഹമ്മാദി

സലാം ബൈറൂത്​: കുടിയേറ്റ തൊഴിലാളികൾക്ക് ഷാർജ ഒരു ലക്ഷം ഡോളർ അനുവദിച്ചു

ഷാർജ: പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ കാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ഈ തൊഴിലാളികൾ ലബനാൻ തലസ്ഥാനത്ത് താമസ സ്​ഥലവും ഭക്ഷണവുമില്ലാതെ കഴിയുകയാണ്​.

ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ‌.എച്ച്‌.സി‌.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത്​​ ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടനയായ ടി.ബി‌.എച്ച്​.എഫുമായി സഹകരിച്ചാണ് ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളെ,- പ്രധാനമായും സ്ത്രീകളെ അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനാണ് ഒരുലക്ഷം ഡോളർ ഫണ്ട് അനുവദിച്ചത്.ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടിസ്ഥാനവിഭാഗ കൂട്ടായ്മയായ എ.ആർ.എം എന്ന വംശീയ വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് നടപ്പാക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഈ തുക ചെലവഴിക്കുന്നത്.

എ.ആർ‌.എമ്മുമായുള്ള ആദ്യ പങ്കാളിത്തത്തിൽ വീടും ഉപജീവനവും നഷ്​ടപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയുന്ന വ്യവസ്ഥാപരമായ തടസ്സങ്ങൾ നീക്കുന്നതിൽ സലാം ബൈറൂത്​​ ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക്​ ഇരട്ടി പ്രഹരമാണ്​ സ്​ഫോടനം ഉണ്ടാക്കിയത്​. ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി രജിസ്​റ്റർ ചെയ്യുന്നതിനുള്ള സുപ്രധാന ഡേറ്റ ശേഖരണമാണ് പദ്ധതി പ്രവർത്തനങ്ങളിൽ പ്രധാനം.

കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ പുതുക്കുന്നതിനും പേപ്പർവർക്കുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. കൂടാതെ, കാലഹരണപ്പെട്ട രേഖകൾ ശരിയാക്കുന്നതിനുള്ള ഫീസ്​ നൽകും.കോവിഡ്​ പരിശോധന, നിർബന്ധിത ക്വാറൻറീൻ എന്നിവക്ക്​ ആവശ്യമായ സഹായം നൽകും. അഞ്ച് മാസത്തിനുള്ളിൽ ഇവർക്ക്​ മടങ്ങിപ്പോക്ക്​ ഒരുക്കാനാണ്​ പദ്ധതി. ലബനാൻ തൊഴിൽ മന്ത്രാലയത്തി​െൻറ 2018 ലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും ഇത്യോപ്യക്കാരാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.