ദുബൈ: ഖത്തറിലേക്ക് ലോകകപ്പ് മത്സരം കാണാൻ പോകുന്നവർ സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ 96 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അധികൃതരുടെ നിർദേശം. വാഹനങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ തീരുമാനം. നേരത്തേതന്നെ ഇക്കാര്യം അറിയിച്ച് പാർക്കിങ് ഏരിയകളിൽ ബോർഡുകൾ വെച്ചിരുന്നു. നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിതന്നെ നേരിട്ട് നിർദേശം നൽകിയത്. വിമാനയാത്രാനിരക്ക് കുതിച്ചുയർന്നതോടെ യു.എ.ഇയിൽനിന്ന് പതിനായിരക്കണക്കിനാളുകളാണ് സൗദിയിലൂടെ കാറിൽ ഖത്തറിലേക്ക് തിരിക്കുന്നത്.
സൗദി അതിർത്തി കവാടമായ 'സൽവ'യിലെ പരിശോധനകേന്ദ്രത്തിലാണ് വാഹനം പാർക്ക് ചെയ്യാനുള്ള വൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടശേഷം ഖത്തറിലേക്ക് പ്രവേശിക്കുന്ന പലരും ദിവസങ്ങൾ കഴിഞ്ഞും വാഹനം തിരികെയെടുക്കാൻ എത്തിയിട്ടില്ല. ഇതോടെയാണ്, നാലു ദിവസത്തിനുശേഷവും എടുക്കാത്ത വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഇതിനു പുറമെ പിഴ ചുമത്തുകയും ചെയ്യും.
സ്ഥല പരിമിതിയാണ് നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. ഖത്തർ ഭാഗത്തുള്ള അബുസംറ പരിശോധനകേന്ദ്രത്തിലെ സൗജന്യ പാർക്കിങ് ഏരിയയും ഉപയോഗപ്പെടുത്താം. ഹയ്യാ ആപ് വഴി നേരത്തേ രജിസ്റ്റർ ചെയ്തശേഷം ഇവിടെ പാർക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.