അബൂദബി: അവധിക്കാലത്തിനുശേഷം യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുേമ്പാൾ കനത്ത സുരക്ഷാ മാർഗനിർേദശങ്ങൾ നടപ്പാക്കിയായിരിക്കും സ്കൂൾ ബസുകൾ സർവിസ് നടത്തുക. ഇതിനായി അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകി. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിലായാണ് സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നത്.
അബൂദബി മുനിസിപ്പാലിറ്റിയുടെയും ഗതാഗത വകുപ്പിെൻറയും അനുബന്ധ സ്ഥാപനമായ ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) പുതിയ അധ്യയന വർഷത്തിലുടനീളം വിദ്യാർഥികൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയാറെടുപ്പുകളും ഊർജിതമാക്കി. സാംക്രമിക രോഗങ്ങളും കോവിഡ് -19 രോഗവ്യാപനവും തടയുന്നതിന് സ്കൂൾ ബസുകളിൽ നടപ്പാക്കേണ്ട മുൻകരുതൽ നടപടികളും ഐ.ടി.സി പ്രഖ്യാപിച്ചു.
യാത്രക്ക് മുമ്പ് തെർമോമീറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഫേസ് മാസ്കുകൾ, എയർ സാനിറ്റൈസറുകൾ എന്നിവയുൾപ്പെടെ വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എല്ലാ ബസ് വാതിലുകളും യാന്ത്രികമായി തുറക്കാനും സ്പർശനമില്ലാതെ ഡ്രൈവർക്ക് നിയന്ത്രിക്കാനും കഴിയണം. ദേശീയ അംഗീകാരമുള്ള സാനിറ്റൈസേഷൻ മെറ്റീരിയലുകൾ ഉപയോഗിച്ച് സ്കൂൾ സമയത്തിന് ശേഷം സ്കൂൾ ബസുകൾ പതിവായി വൃത്തിയാക്കണം. വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുമുമ്പ് ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ താപനില പതിവായി പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അവബോധം നൽകുകയും വേണം. ബസ് ഡ്രൈവർമാരെയും വിദ്യാർഥികളെയും വേർതിരിക്കുന്നതിന് പ്ലാസ്റ്റിക് സെപറേറ്ററുകൾ ഉപയോഗിച്ച് ബസിൽ ക്രമീകരണം നടത്തണമെന്ന് വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് നിർദേശിച്ചു.
വിദ്യാർഥികൾ, സൂപ്പർവൈസർമാർ, ഡ്രൈവർമാർ എന്നിവർക്ക് കോവിഡ് ബാധിച്ചാൽ സ്കൂളുകൾ അധികൃതരെ അറിയിക്കണം. സ്കൂൾ ട്രാൻസ്പോർട്ട് ഓഫിസർമാർ സ്ക്രീനിങ് ഉപകരണങ്ങൾ ഉപയോഗിച്ച് താപനില പരിശോധിക്കണം. ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും താപനില പരിശോധിക്കുന്നതിനും ലേബലുകൾ സ്ഥാപിക്കുന്നതിനും ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് കേന്ദ്രം നടപടി സ്വീകരിച്ചു.
വിട്ടുമാറാത്ത രോഗമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരുമായ സൂപ്പർവൈസർമാർ, ഡ്രൈവർമാർ എന്നിവരെ സ്കൂൾ ബസുകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല.
എല്ലാ ഡ്രൈവർമാരും സൂപ്പർവൈസർമാരും മീറ്റിങ് പോയൻറുകളിൽ വിദ്യാർഥികളുമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.