ഷാർജ: വൈദ്യുതി വിതരണം, ജലശുദ്ധീകരണം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളിൽ സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിനായി സർവകലാശാല വിദ്യാർഥികൾക്ക് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) പ്രത്യേക പരിശീലനം നൽകുന്നു.
തിരഞ്ഞെടുത്ത 114 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. വിവിധ അതോറിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ തുടർച്ചയായ ഇടപെടൽ വളർത്തിയെടുക്കുന്നതിനൊപ്പം തൊഴിൽ വിപണിയിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അക്കാദമിക് പരിശീലനത്തിനോടൊപ്പം വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനവും നൽകും.
ഇലക്ട്രിക്കൽ എൻജിനീയറിങ്, പുനരുപയോഗ ഊർജ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയിൽ സാങ്കേതിക പരിജ്ഞാനം നൽകിവരുന്ന ഷാർജ യൂനിവേഴ്സിറ്റി, എമിറേറ്റ്സ് യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി, വിവിധ ഉന്നത സാങ്കേതിക കോളജുകൾ എന്നിവിടങ്ങളിൽനിന്നാണ് 114 പേരെ തിരഞ്ഞെടുക്കുക.
പരിശീലനത്തിന് ശേഷം ഇവരിൽ 72 പേരെ ഷാർജ നഗരത്തിലേക്കും 28 പേരെ ഖോർഫക്കാനിലേക്കും 14 പേരെ കൽബയിലേക്കും നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.