ഷാർജ: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഷാർജ കെ.എം.സി.സി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ഡിസംബർ ഏഴിന് ശനിയാഴ്ച നടക്കും. രാത്രി ഏഴ് മണി മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡൽഹി കെ.എം.സി.സി പ്രസിഡന്റും രാജ്യസഭ അംഗവുമായ അഡ്വ. ഹാരിസ് ബീരാൻ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് വി.ടി. ബലറാം എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കും. ഷാർജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പരിപാടിയിൽ വെച്ച് നജീബ് കാന്തപുരം എം.എൽ.എക്ക് സമ്മാനിക്കും. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ മുഖ്യാതിഥിയാവും. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, പി.കെ. അൻവർ നഹ എന്നിവർ സംബന്ധിക്കും.
പ്രശസ്ത ഗായകരായ കണ്ണൂർ മമ്മാലി, ആബിദ് കണ്ണൂർ എന്നിവർ കലാ പരിപാടികൾ നയിക്കും. ഈദുൽ ഇത്തിഹാദ് പ്രമാണിച്ച് ഷാർജ കെ.എം.സി.സി ഒരു മാസമായി നടത്തിവരുന്ന വിവിധ പരിപാടികൾ ഈ സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. പങ്കെടുക്കാനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി, ജന. സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറർ കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.