ഷാർജ: പുതു തലമുറ കായിക താരങ്ങളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ഷാർജ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച പരിശീലന പദ്ധതിക്ക് മികച്ച പ്രതികരണം. ടേബിൾ ടെന്നീസ്, ഹാൻഡ് ബാൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ മത്സരക്ഷമത ഉയർത്തി മികച്ച പ്രകടനം കാഴ്ചവെക്കാൻ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളോടൊപ്പം വിവിധ ചാമ്പ്യൻഷിപ്പുകൾ ഷാർജ സ്പോർട്സ് കൗൺസിൽ ഒരുക്കിവരികയാണ്. അൽ ദൈദ് ക്ലബിൽ നടന്ന ടേബിൾ ടെന്നിസ് യൂത്ത് ചാമ്പ്യൻഷിപ്പിൽ 20 താരങ്ങൾ മാറ്റുരച്ചു. രണ്ട് വിഭാഗങ്ങളിലായി ജൂനിയേഴ്സിനായി നടത്തിയ പരിശീലന കോഴ്സുകളിൽ 80 ലധികം പേരും പങ്കെടുത്തിരുന്നു. ഖോർഫുക്കാനിലേയും ദിബ്ബ അൽ ഹിസാനിലേയും ടീമുകളാണ് ആദ്യ ഗ്രൂപ്പിലെ അംഗങ്ങൾ. ഖോർഫുക്കാനിൽ വെച്ചായിരുന്നു കോഴ്സ് സംഘടിപ്പിച്ചിരുന്നത്. അൽ മദാമിൽ സംഘടിപ്പിച്ച കോഴ്സിൽ അൽ മദാം, അൽ ദൈദ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. ജൂനിയേഴ്സിനേയും യുവ കളിക്കാരേയും ലക്ഷ്യമിട്ട് അൽ മദാമിൽ നടന്ന സിംഗ്ൾ കോഴ്സുകളിൽ അൽ മദാം, അൽ ദൈദ്, അൽ ബതേഹ്, ദിബ്ബ അൽ ഹിസാൻ, ദിബ്ബ അൽ ഫുജൈറ എന്നീ ടീമുകളിലായി 33 പേരാണ് മാറ്റുരച്ചത്.
ഹാൻഡ് ബോളിലെ മികച്ച താരങ്ങളെ കണ്ടെത്താനായി നടത്തിയ മുന്നൊരുക്ക കോഴ്സുകളിൽ വിവിധ പ്രായത്തിലുള്ള 280 കുട്ടികൾ പങ്കെടുത്തു. ഷാർജ, അൽ ബതേഹ്, മലീഷ, അൽ മദാം, അൽ ദൈദ്, ഖോർഫുക്കാൻ, ഇത്തിഹാദ് കൽബ, ദിബ്ബ അൽ ഹിസാൻ തുടങ്ങി എട്ട് ടീമുകളെ പ്രതിനിധീകരിച്ചാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തത്.
ഷാർജ, ബതേഹ്, അൽ മദാം, ഖോർഫുക്കാൻ, കൽബ എന്നിവിടങ്ങളിലെ വേദികളിലായി മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന മത്സരങ്ങളിൽ വിവിധ ഗ്രൂപ്പുകൾ സജീവമായിരുന്നു.
നീന്തൽ പരിശീലനത്തിൽ ഷാർജ, അൽ ഹംറിയ, മലീഹ, അൽ ദൈദ്, ദിബ്ബ അൽ ഹിസാൻ തുടങ്ങിയ ക്ലബ്ബുകളിൽ നിന്നായി 70 കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ നീന്തൽ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും കായിക ക്ഷമത വർധിപ്പിക്കുന്നതിനും ഇത്തരം പരിശീലന മത്സരങ്ങൾ സഹായിച്ചുവെന്നാണ് സ്പോർട്സ് കൗൺസിലിന്റെ വിലയിരുത്തൽ.
വൻകിട മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ മാനസികമായി തയ്യാറാക്കാൻ കൂടുതൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.