ഷാര്‍ജയില്‍ കെട്ടിടത്തില്‍ തീപിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്

ഷാര്‍ജ: അല്‍ താവൂനിലെ ടൈഗര്‍ ത്രീ കെട്ടിടത്തില്‍ ഞായറാഴ്ച പകല്‍ 7.30നുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. എക്സ്പോസെന്‍റര്‍,അല്‍ ഖസബ റൗണ്ടെബൗട്ടുകള്‍ക്കിടയില്‍ അഫാമിയ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള 40 നില കെട്ടിടത്തിലെ  എട്ടാം നമ്പര്‍ ഫ്ളാറ്റിലെ അടുക്കളയിലാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് ഏഴ് പേര്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടനെ തന്നെ സമീത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

മലയാളികളടക്കം നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. സമീപത്ത് നിരവധി കെട്ടിടങ്ങള്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തില്‍ പുകനിറഞ്ഞതിനെ തുടര്‍ന്ന് താമസക്കാര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്നു. പലരും ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു പുകമണം എത്തിയത്. കെട്ടിടത്തിലെ അപകട മുന്നറിയിപ്പ് യന്ത്രം പ്രവര്‍ത്തിച്ചതോടെ താമസക്കാരെല്ലാം പുറത്തിറങ്ങി. ഉടനെ സംഭവ സ്ഥലത്തത്തെിയ സിവില്‍ഡിഫന്‍സ്, പൊലീസ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. താമസക്കാരെല്ലാം കെട്ടിടത്തില്‍ തിരിച്ചത്തെിയതായി ഇവിടെ താമസിക്കുന്ന മലയാളി കുടുംബം പറഞ്ഞു. അപകടം പകലയാത് കാരണമാണ് വന്‍ദുരന്തം വഴിമാറിയത്. അല്‍ ബുത്തീനയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സമാനമായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനടക്കം ആറ് പേരാണ് മരിച്ചത്. 

അപകടം നടന്ന അല്‍താവൂന്‍ മേഖലയില്‍ നിരവധി സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രുഷ നല്‍കാന്‍ ഇത് വഴി സാധിച്ചതായി സമീപത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ഫോറന്‍സിക് പരിശോധന നടക്കുന്നുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരില്ല എന്നാണ് സൂചന. 

Tags:    
News Summary - sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.