ഷാർജ: ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ കെണികളിൽ അകപ്പെട്ട് കൊടും ചൂടിൽ ദുരിതം അനുഭവിക്കുന്നവരുടെ കഥകൾ നിരന്തരം ഗൾഫ് മേഖയിൽ നിന്ന് വന്ന് കൊണ്ടിരിക്കെ അത്തരം ചതി കുഴികൾ ചൂണ്ടികാട്ടി ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. അസോസിയേഷെൻറ സബ് കമ്മിറ്റിയായ ജോബ് സെൽ ഒരുക്കിയ ജോബ് സെർച്ച് സ്ട്രാറ്റജി സമ്മേളനം തൊഴിലന്വേഷകർക്ക് ഏറെ ഉപകാരപ്രദവുമായിരുന്നു.
അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി മുഖ്യ പ്രഭാഷണം നടത്തി. യു.എ.ഇയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ ശനിയാഴ്ച അസോസിയേഷനിലെത്തി റിക്രൂട്മെൻറ് നടത്തുന്നുണ്ട്. പണം വാങ്ങാതെയാണ് ഇതുനടക്കുന്നത്. അതുകൊണ്ടുതന്നെ സന്ദർശക വിസയിലെത്തുന്നവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും വലിയ ആശ്വാസമാണിത്. iasjobcell.com എന്ന വെബ്സൈറ്റിലൂടെ ഇവിടെ നടക്കുന്ന റിക്രൂട്മെൻറുകളെ കുറിച്ച് അറിയാനാവും. jobcellias@gmail.com എന്ന ഈമെയിലിലൂടെ തൊഴിൽ അന്വേഷകർക്ക് സി.വി അയക്കുവാനുള്ള സൗകര്യവുമുണ്ട്. ആയിരത്തിലധികം പേർക്ക് ഇതിനകം ജോലി നേടികൊടുക്കാൻ സാധിച്ചതായി പ്രസിഡൻറ് ഇ.പി. ജോൺസൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 40ാം വാർഷികം ഈ വർഷം കൊണ്ടാടുകയാണ്.
ഇതുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റുപരിപാടികളും നടക്കാനിരിക്കുകയാണ്. ജോബ്സെൽ കൺവീനർ ബിനു സാം, കോർഡിനേറ്റർ മാധവൻ പാടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സെമിനാറിൽ അബ്ദുൽ വഹാബ്, അഡ്വ. സ്മിനു, സമീർ എന്നിവർ ഉദ്യോഗാർഥികൾക്ക് പരിശീലന ക്ലാസ്സുകൾ എടുത്തു. 65 ഓളം തസ്തികകളിൽ നടന്ന മെഗാ ഇൻറർവ്യൂ സെഷനിൽ ജോബ് സെൽ കമ്മിറ്റി അംഗങ്ങളായ റിസ ബഷീർ, ഹാരിസ് കൊടുങ്ങല്ലൂർ, ടെൻസ് പീറ്റർ, ബിജി, ജെയിംസ്, സിറാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.