അബൂദബി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി അബൂദബിയിൽ എത്തിച്ച കുട്ടികളെ വികസനകാര്യ ഓഫിസ്, രക്തസാക്ഷി കുടുംബകാര്യ വകുപ്പ് ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ സന്ദർശിച്ചു. ആദ്യഘട്ടത്തിൽ ഗസ്സയിൽനിന്നെത്തിച്ച 15 കുട്ടികളുടെ ചികിത്സയാണ് നിലവിൽ അബൂദബിയിൽ പുരോഗമിക്കുന്നത്. ഇവർക്കൊപ്പം എത്തിയ രക്ഷിതാക്കളുമായും കുട്ടികളുമായും സംസാരിച്ച ശൈഖ് ദിയാബ്, വേഗത്തിൽ പരിക്കിൽനിന്ന് മോചിതമാവട്ടെ എന്നാശംസിച്ചു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആദ്യ സംഘം വെള്ളിയാഴ്ചയാണ് അബൂദബിയിലെത്തിയത്. 1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റവരടക്കം കുട്ടികളുടെ ആദ്യ സംഘമാണ് എത്തിയത്. കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ അബൂദബിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റഫ അതിർത്തി വഴിയാണ് ഇവരെ ഗസ്സക്ക് പുറത്തെത്തിച്ചത്. പിന്നീട് ഈജിപ്തിൽവെച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.
യു.എ.ഇയിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരും അടിയന്തര ആരോഗ്യസേവന ജീവനക്കാരും റഫ അതിർത്തിയിലുണ്ട്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിലേക്ക് എത്തിക്കേണ്ട കുട്ടികളെ നിർണയിക്കുന്നത്. ആദ്യ സംഘത്തെ വിജയകരമായി അബൂദബിയിലെത്തിക്കാൻ കഴിഞ്ഞതായും വരുംദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ പേരെ എത്തിക്കുമെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് മേധാവി മുഹമ്മദ് ഖാമിസ് അൽ കഅബി വ്യക്തമാക്കിയിട്ടുണ്ട്.
വിമാനമാർഗം യു.എ.ഇയിൽ എത്തിക്കുന്നതിന് തടസ്സമുള്ള കുട്ടികളെയും മുതിർന്നവരെയും ചികിത്സിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റ് റഫയിൽ ഫീൽഡ് ആശുപത്രി നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തെ തുടർന്ന് അൽശിഫ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ച നവജാത ശിശുക്കളെ ഈ ഫീൽഡ് ആശുപത്രിയിലാണ് ചികിത്സിക്കുന്നത്.അതിനിടെ ഗസ്സയിലെ 1000 കാൻസർ രോഗികളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.