ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് പ്രമുഖർ. തിങ്കളാഴ്ചയായിരുന്നു ആധുനിക ദുബൈയുടെ വികസനത്തിന് മുന്നിൽ നടന്ന അദ്ദേഹത്തിന്റെ 75ാം പിറന്നാൾ.
ദുബൈയെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്ന നിലയിൽ നിരവധിപേരാണ് സ്നേഹ വാഴ്പ്പോടെ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവിന് സമൂഹ മാധ്യമ അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ചാണ് ആശംസകളർപ്പിച്ചത്.
വിവിധ കാലങ്ങളിലെ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങളുടെ ഒരു പരമ്പര കാണിച്ചുകൊണ്ടാണ് ആശംസ വിഡിയോയുള്ളത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ കൾചർ ചെയർപേഴ്സൻ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും യു.എ.ഇയിലെ താമസക്കാരായ നിരവധിപേരും സമൂഹ മാധ്യമങ്ങളിൽ ആശംസകളും പ്രാർഥനകളും പോസ്റ്റ് ചെയ്തു.
18 വർഷമായി ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് എമിറേറ്റിന്റെ വികസനത്തിന് ശക്തമായ നേതൃത്വമാണ് നൽകിയത്. 1949 ജൂലൈ 15ന് ദുബൈ ക്രീക്കിന് സമീപം അൽ ഷിന്ദഗയിലെ ആൽ മക്തൂം കുടുംബത്തിൽ മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദ് ജനിച്ചത്.
1968ൽ ബ്രിട്ടനിലെ പഠനത്തിനു ശേഷമാണ് ആദ്യത്തെ ഔദ്യോഗിക ചുമതല വഹിച്ചുതുടങ്ങിയത്. ദുബൈ പൊലീസിന്റെയും പൊതു സുരക്ഷയുടെയും തലവനായായിരുന്നു തുടക്കം. പിന്നീട് യു.എ.ഇ സ്ഥാപിതമായപ്പോൾ രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രിയായി നിയമിതനായി. കഴിഞ്ഞ ദിവസം ശൈഖ് ഹംദാനെ പ്രതിരോധ മന്ത്രിയായി നിയമിക്കുന്നതുവരെ 53 വർഷം ചുമതലയിൽ തുടർന്നു.
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമും യു.എ.ഇയുടെ സ്ഥാപനത്തിന് കൂടിക്കാഴ്ചകൾ നടത്തുന്ന ഘട്ടത്തിൽ ശൈഖ് മുഹമ്മദ് സന്നിഹിതനായിരുന്നു. പിന്നീട് യു.എ.ഇയുടെ വളർച്ചയുടെ ഓരോ പടവുകളിലും നേതൃത്വം നൽകാൻ സാധിച്ചു. ദുബൈയുടെ എല്ലാ വമ്പൻ വികസന പദ്ധതികൾക്കു പിന്നിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട് എന്ന് കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.