ദുബൈ: ദ വോഗ് അറേബ്യയുടെ സെപ്റ്റംബർ ലക്കം കവർചിത്രമായി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ മകളും ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സണുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ്. ആദ്യമായാണ് ദുബൈ രാജകുടുംബത്തിലെ ഒരു വനിത വോഗിെൻറ കവർചിത്രമാകുന്നത്.
ദുബൈയുടെ പശ്ചാത്തലത്തിലാണ് കവർ പേജിൽ ശൈഖ ലത്തീഫയുടെ ചിത്രം നൽകിയിരിക്കുന്നത്. ദുബൈ ക്രീക്കിന് സമീപത്തെ അൽ ഷിന്ദഗയിൽ വെച്ച് പവോല കുദാക്കിയാണ് ചിത്രം പകർത്തിയത്. ഇതോടൊപ്പം നൽകിയ അഭിമുഖത്തിൽ ദുബൈയുടെ വീണ്ടെടുപ്പിനായുള്ള പദ്ധതികൾ ശൈഖ പങ്കുവെക്കുന്നു. സമൂഹത്തിൽ അറബ് സ്ത്രീകളുടെ പങ്കിനെ കുറിച്ചും തെറ്റിദ്ധാരണകളെ കുറിച്ചും പറയുന്നുണ്ട്.
അൽ മക്തൂം കുടുംബത്തിൽ തെൻറ റോൾ എന്താണെന്നതിനെ കുറിച്ചും അഭിമുഖത്തിൽ അവർ വ്യക്തമാക്കുന്നു. ദുബൈയുടെ പൈതൃകവും സംസ്കാരവും ലോകവുമായി പങ്കുവെക്കുകയാണ് തെൻറ ഏറ്റവും വലിയ ആഗ്രഹമെന്ന് അവർ പറഞ്ഞു. യു.എ.ഇ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ 50ാം പതിപ്പ് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണെന്ന് വോഗ് അറേബ്യ എഡിറ്റർ ഇൻ ചീഫ് മാനുവൽ അർനോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.