ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രമായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് നാലാംഘട്ടത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 15.78 ശതകോടി ചെലവിൽ നിർമിക്കുന്ന നാലാംഘട്ടത്തിൽ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ നാലാംഘട്ട നിർമാണം പൂർത്തിയായാൽ 3,20,000 വീടുകളിലേക്ക് സൗരോർജമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. പുതിയ ഘട്ടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സി.ഇ.ഒ സഈദ് മുഹമ്മദ് അൽതായർ ഉൾപ്പെടെയുള്ള ഉന്നതസംഘം സോളാർ പാർക്കിൽ എത്തിയിരുന്നു.
നിർമാണച്ചുമതലയുള്ള നൂർ എനർജി വൺ അധികൃതർ പുരോഗതിയുടെ ഘട്ടങ്ങൾ വിശദീകരിച്ചു. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോ വോൾട്ടേക് ടെക്നോളജി സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് നാലാംഘട്ടത്തിൽ സൗരോർജം ഉൽപാദിപ്പിക്കുക. സോളാർ ടവറിൽനിന്ന് നൂറ് മെഗാവാട്ടും പാരാബോളിക് ബേസിൻ കോംപ്ലക്സിൽനിന്ന് 200 മെഗാവാട്ടും ഫോട്ടോ വോൾട്ടേക്കിൽനിന്ന് 217 മെഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതായിരുന്നു സോളാർ പാർക്കിന്റെ ആദ്യഘട്ടം. ഇത് നൂറുശതമാനം പൂർത്തിയായി. പാരാബോളിക് ബേസിൻ ഉപയോഗിക്കുന്ന രണ്ടാംഘട്ടത്തിന്റെ 98 ശതമാനം നിർമാണം പിന്നിട്ടുകഴിഞ്ഞു. പാരാബോളിക്കിൽനിന്ന് 200 മെഗാവാട്ടും ഫോട്ടോ വോൾട്ടേക്കിൽ 33 മെഗാവാട്ടും ഉൽപാദിപ്പിക്കുന്ന മൂന്നാംഘട്ടത്തിന്റെ നിർമാണം 87 ശതമാനം പിന്നിട്ടതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.