അബൂദബി: രാജ്യത്തെ അനധികൃത ലോട്ടറി, ഗെയിമിങ് എന്നിവയുമായി സഹകരിക്കുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ ഗെയിമിങ് റഗുലേറ്ററി അതോറിറ്റി (ജി.സി.ജി.ആര്.എ). അനധികൃത ഗെയിമിങ്, ലോട്ടറിയില്‍ പങ്കെടുത്താല്‍ തട്ടിപ്പ്, അഴിമതി, സാമ്പത്തിക നഷ്ടം, ചതി തുടങ്ങിയവക്ക് ഇരയാവുമെന്ന് അതോറിറ്റി വ്യക്തമാക്കി. അനധികൃത ഗെയിമിങ് നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും പങ്കെടുക്കുന്നതും നിയവിരുദ്ധമാണെന്നും ഇത്തരക്കാര്‍ക്കെതിരെ പിഴയും തടവും അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും റഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി.
രാജ്യത്തെ ലോട്ടറി ലൈസന്‍സ് യു.എ.ഇ ലോട്ടറി കൈകാര്യം ചെയ്യുന്ന ദ ഗെയിം, എല്‍.എല്‍.സിക്കു മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു കീഴിലുള്ള ബിഗ് ടിക്കറ്റ്, ദുബൈ ഡ്യൂട്ടി ഫ്രീ എയര്‍പോര്‍ട്ട് നറുക്കെടുപ്പ് മാത്രമാണ് അംഗീകൃതമായ ലോട്ടറികള്‍. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സമ്മാനമായി നല്കുന്ന മെഷീന്, ഓണ്‍ലൈന്‍ ഗെയിം, വൈഭവം ആവശ്യമുള്ള ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയ ഏതുതരം ഗെയിമുകളും സ്പോര്‍ട്സിലോ കുതിരയോട്ടത്തിലോ ഉള്ള ബെറ്റിങ്ങുമൊക്കെ വാണിജ്യ ഗെയിമുകളാണെന്നും ജി.സി.ജി.ആർ.എ വ്യക്തമാക്കി.
അനധികൃതമായ ഗെയിം, ലോട്ടറി എന്നിവയില്‍ കബളിപ്പിക്കപ്പെടുന്നവര്‍ക്ക് പണം നഷ്ടമായാല്‍ ഒരുവിധ നിയമപരിരക്ഷയും രാജ്യത്ത് ലഭിക്കുകയില്ല. അനധികൃതമായി ഗെയിം, ലോട്ടറി എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.