ദുബൈ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ദുബൈയിലെത്തി. മാലിന്യത്തിൽനിന്ന് ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്ന ലൂത്ത ബയോ ഫ്യൂവൽസ് എന്ന സ്ഥാപനം മന്ത്രി സന്ദർശിച്ചു. സുസ്ഥിര മാലിന്യ സംസ്കരണം കേരളത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ശിവൻകുട്ടി പറഞ്ഞു. ലൂത്ത ബയോഫ്യുവൽസിലെ വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ മന്ത്രി വിലയിരുത്തി. ഇവിടെ പരിശീലനം നേടിയ യു.എ.ഇ സ്വദേശികളുമായി കൂടിക്കാഴ്ച നടത്തി. ഓഡേപെക് ഡയറക്ടർ കെ.എ. അനൂപ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ സ്ഥാപനവും യു.സി.ഒ അധിഷ്ഠിത ജൈവ ഇന്ധന നിർമാതാവുമാണ് ലൂത്ത ബയോഫ്യുവൽസ്. സുസ്ഥിര മാലിന്യസംസ്കരണത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി, ക്ലാസ്റൂം അറിവിനും അതിന്റെ യഥാർഥ ലോകസാഹചര്യങ്ങൾക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലൂത്ത ബയോഫ്യുവൽസ് പോലുള്ള സ്ഥാപനങ്ങളുമായി ഒത്തുചേരുന്നതിലൂടെ, കേരളത്തിന്റെ ജൈവ ഇന്ധന മേഖലയെ ശക്തിപ്പെടുത്താനും മാലിന്യ നിർമാർജനത്തിനും സുസ്ഥിരതക്കും ഊന്നൽ നൽകുന്ന പദ്ധതികൾക്കായി യുവാക്കളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. മാലിന്യത്തിൽ നിന്നും ഊർജത്തിലേക്ക് നയിക്കുന്നതിലേക്ക് സാധ്യമായ സഹകരണങ്ങൾ ചർച്ച ചെയ്യാൻ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.