ദുബൈ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പും തടയാനായി കേരള സർക്കാർ നോർക്ക റൂട്സുമായി സഹകരിച്ച് ആരംഭിക്കുന്ന ടാസ്ക് ഫോഴ്സ് പ്രവാസികൾക്ക് ആശ്വാസമാകും.
തൊഴിൽ തേടുന്ന മലയാളികൾ വിസ തട്ടിപ്പിനും റിക്രൂട്ട്മെന്റ് ഏജൻസികളുടെ കബളിപ്പിക്കലിനും ഇരകളാവുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എൻ.ആർ.ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപറേഷന് ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം.
റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായി നോർക്ക റൂട്ട്സ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്താനാണ് തീരുമാനം. അനധികൃത റിക്രൂട്ട്മെന്റ് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ എന്നിവർ നൽകിയ ഹരജിയിൽ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശവും നൽകി.
പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുമെന്ന് കെ. വാസുകി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വിസ, റിക്രൂട്ട് മെന്റ് തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിന് എൻ.ആർ.ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും ഈ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപവത്കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എൻ.ആർ.ഐ സെൽ പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്കിയതും പ്രവാസികൾക്ക് ഇത്തരം തട്ടിപ്പുകൾക്കെതിരെ നീങ്ങാൻ പ്രചോദനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.