ദുബൈ: റിയൽ എസ്റ്റേറ്റ് ആസ്തികൾ കൈവശംവെക്കുന്ന വിദേശ കമ്പനികളുടെ കോർപറേറ്റ് നികുതി സംബന്ധിച്ച് വ്യക്തത വരുത്തി ധനമന്ത്രാലയം. രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗത്തുനിന്നും മറ്റ് സ്ഥിരം ആസ്തികളിൽനിന്നും വരുമാനമുണ്ടാക്കുന്ന വിദേശ കമ്പനികൾക്കും വിദേശികളായ പൗരന്മാർക്കും ഒമ്പതു ശതമാനം കോർപറേറ്റ് നികുതി വ്യവസ്ഥ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
നിക്ഷേപ ആവശ്യത്തിനും ബിസിനസ് ആവശ്യത്തിനും കൈവശം വെക്കുന്ന സ്ഥിരം ആസ്തികൾക്കും ഒരുപോലെ നികുതി ബാധകമായിരിക്കും. അതേസമയം, രാജ്യത്തെ പ്രാദേശികവും വൈദേശികവുമായ മുഴുവൻ കമ്പനികളും ഒരു വർഷത്തിനുള്ളിൽ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്ത് പിഴനടപടികളിൽനിന്ന് ഒഴിവാകണമെന്ന് ധനമന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.
അറ്റവരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും കോർപറേറ്റ് നികുതി കണക്കാക്കുക. അതിനാൽ, നികുതി നൽകേണ്ട വരുമാനം കണക്കാക്കുമ്പോൾ കോർപറേറ്റ് നികുതി നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന പ്രധാന ചെലവുകൾ ഇതിൽനിന്ന് കുറക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, വിദേശികൾ അല്ലെങ്കിൽ യു.എ.ഇ നിവാസികളുടെ ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്തുക്കളിൽനിന്ന് നേരിട്ടോ ട്രസ്റ്റ്, ഫൗണ്ടേഷൻ അല്ലെങ്കിൽ മറ്റു വാഹനങ്ങൾ മുഖേനയോ സമ്പാദിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപ വരുമാനം കോർപറേറ്റ് നികുതിക്ക് വിധേയമാകില്ലെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു. നികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രാദേശിക കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഇടയിലുള്ള നിഷ്പക്ഷത പുതിയ നിയമം ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.