ദുബൈ: ടെസ്ലയുടെ ഏറ്റവും പുതിയ മോഡൽ കാറുകൾ സ്വന്തമാക്കി ദുബൈ പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ടെസ്ല ഓട്ടോമോട്ടീവ് ജനറൽ മാനേജർ മോട്ടി ബെൻഹാമുവിൽനിന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ കാറുകൾ ഏറ്റുവാങ്ങി. ഇരു ഭാഗത്തുനിന്നുള്ള നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ടൂറിസ്റ്റ് ഏരിയകളിലും എമിറേറ്റിലെ മറ്റു ഭാഗങ്ങളിലും പൊലീസ് ഓഫിസർമാരുടെ സുരക്ഷാസാന്നിധ്യം വർധിപ്പിക്കാനും ഗതാഗതനീക്കം സുഗമമാക്കുന്നതിനും പുതിയ പട്രോൾ വാഹനം സഹായകമാവും.
ട്രാഫിക് നിയന്ത്രണവും സുരക്ഷയും വർധിപ്പിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, സ്മാർട്ട് സംവിധാനങ്ങൾ, നിർമിതബുദ്ധി എന്നിവയോട് കൂടിയ നൂതനമായ വാഹനങ്ങൾ ഉപയോഗിക്കുകയെന്ന ദുബൈ പൊലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്ന് ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു.
പുതിയ പട്രോൾ വാഹനങ്ങൾ നിലവാരമുള്ള ഗതാഗത സംവിധാനങ്ങളും സുരക്ഷാ സേവനങ്ങളും വർധിപ്പിക്കും. കൂടാതെ ഉയർന്ന തലത്തിലുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.