അബൂദബി: അബൂദബി ഖോര്‍ അല്‍ മഖ്ത അല്‍ഖാനയിലെ ദേശീയ അക്വേറിയം തുറന്ന് മൂന്നുമാസം പിന്നിടുമ്പോള്‍, ഇതുവരെ സന്ദര്‍ശിച്ചത് ഒരുലക്ഷത്തോളം പേര്‍. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ അക്വേറിയത്തിന് 9000 ചതുരശ്ര മീറ്ററില്‍ അധികം വലുപ്പമാണുള്ളത്. 10 വിഭാഗങ്ങളിലായി 330ല്‍ അധികം ഇനങ്ങളില്‍ പെട്ട 46000ത്തോളം ജീവികള്‍ ഇവിടെയുണ്ട്. അക്വേറിയത്തില്‍ ഇരുന്നൂറിലേറെ സ്രാവുകളുണ്ട്. അക്വേറിയത്തിന്റെ മേല്‍നോട്ടത്തിനും പരിചരണത്തിനുമായി സമുദ്രജീവി വിദഗ്ധരും പ്രത്യേക പരിശീലനം നേടിയവരുമായ 80 അംഗ സംഘമാണുള്ളത്. ന്യൂസിലൻഡ് സ്വദേശിയായ പോള്‍ ഹാമില്‍ട്ടനാണ് അക്വേറിയത്തിന്റെ ജനറല്‍ മാനേജറും ക്യുറേറ്ററും. മുമ്പ് ചെയ്ത പ്രോജക്ടുകളില്‍ നിന്ന് ആര്‍ജിച്ച പരിചയസമ്പത്തിലൂടെ അബൂദബിയില്‍ നിര്‍മിച്ച ഈ അക്വേറിയമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് പോള്‍ പറയുന്നു.
അക്വേറിയത്തിലൊരുക്കിയ മഴക്കാട്ടില്‍ ഒരു വമ്പനുണ്ട്. തെക്കുകിഴക്കനേഷ്യയില്‍ കണ്ടുവരുന്ന നീളമേറിയ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ്. 14 വയസ്സും 115 കിലോഗ്രാം തൂക്കവും ഏഴു മീറ്റര്‍ നീളവുമുള്ള സൂപ്പര്‍ സ്‌നേക്ക്. സമുദ്രാന്തര്‍ ഭാഗത്തെ അതേ ആവാസ വ്യവസ്ഥയാണ് അക്വേറിയത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ജലജീവികളെ അടുത്തു കാണാനും തീറ്റ കൊടുക്കാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. സ്രാവുകള്‍ക്കൊപ്പം സ്‌കൂബ ഡൈവിങ് നടത്താം. ജലത്തിലിറങ്ങി സ്രാവുകള്‍ക്കും ഇതര മത്സ്യങ്ങള്‍ക്കും നേരിട്ട് ഭക്ഷണം നല്‍കാം. ഗ്ലാസ് ബോട്ട് ടൂര്‍, കണ്ണാടി പാലത്തിലൂടെയുള്ള സാഹസിക നടത്തം എന്നിവ വേറിട്ട അനുഭവമാവും സമ്മാനിക്കുക.
സാന്‍ഡ് ടൈഗര്‍, ഹാമ്മര്‍ഹെഡ് ടൈഗര്‍ ഷാര്‍ക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതുമായ അപൂര്‍വം ഇനങ്ങളും ഇവിടെയുണ്ട്. സ്വഭാവത്തിന്റെയും ജീവിതരീതികളുടെയും അടിസ്ഥാനത്തില്‍ 10 പ്രമേയങ്ങളിലായിട്ടാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. 2.4 കിലോമീറ്റര്‍ നീളത്തില്‍ സംവിധാനിച്ച പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയത്തിലെ അറുപതിലധികമുള്ള പ്രദര്‍ശനങ്ങള്‍ കണ്ടുതീര്‍ക്കാന്‍ രണ്ടുമണിക്കൂറോളം വേണ്ടിവരും. വിശാലമായ വാട്ടര്‍ ഫ്രണ്ടേജോടുകൂടിയ അക്വേറിയം കോംപ്ലക്‌സിനോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണ വൈവിധ്യങ്ങള്‍ അടങ്ങിയ റസ്‌റ്റാറന്റുകള്‍, കമ്യൂണിറ്റി സ്‌പേസുകള്‍, സിനിമ ശാലകള്‍, ഗെയിമിങ് സോണ്‍, വെര്‍ച്വല്‍ റിയാലിറ്റി പാര്‍ക്ക് തുടങ്ങിയവും ഇവിടത്തെ ആകര്‍ഷണങ്ങളാണ്. 105 ദിര്‍ഹമാണ് അക്വേറിയത്തില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന ടിക്കറ്റ് വില. നാലു തരം ടിക്കറ്റുകളാണ് ഇവിടെ ലഭിക്കുക. 130, 150, 200 ദിര്‍ഹം എന്നിവയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.