ദുബൈ: മഹാമാരിയിൽ വാടിത്തളർന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലക്ക് പുത്തനുണർവ് പകരാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) കൊടിയേറി. ട്രാവൽസ് രംഗത്തെ ലോകോത്തര ബ്രാൻഡുകൾ അണിനിരക്കുന്ന എ.ടി.എമിെൻറ 28ാം പതിപ്പ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി സി.ഇ.ഒയും എമിേററ്റ്സ് ഗ്രൂപ് സ്ഥാപകനും ദുബൈ വേൾഡ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ ടൂറിസം എക്സിബിഷൻ മേയ് 19 വരെ തുടരും. 'ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പുതിയ പ്രഭാതം' എന്നതാണ് ഇത്തവണത്തെ തീം.യു.എ.ഇ, സൗദി, ഇസ്രായേൽ, ഇറ്റലി, ജർമനി, സൈപ്രസ്, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, മാലിദ്വീപ്, ഫിലിപ്പീൻസ്, തായ്ലൻഡ്, മെക്സികോ, യു.എസ് ഉൾപ്പെടെ 62 രാജ്യങ്ങളിൽനിന്ന് 1300 സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 11,000 പേരെയാണ് ഹാളിൽ പ്രവേശിപ്പിക്കുക. ഇക്കുറി ആദ്യമായി ഹൈബ്രിഡായാണ് (ഒാൺലൈനായും ഓഫ്ലൈനായും) എ.ടി.എം സംഘടിപ്പിക്കുന്നത്. വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന മേള 19ന് സമാപിക്കുമെങ്കിലും 24, 25, 26 തീയതികളിൽ വിർച്വൽ പ്ലാറ്റ്ഫോമിലും മേള അരങ്ങേറും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം വെർച്വലായി മാത്രമാണ് എ.ടി.എം നടന്നത്.
ഇതിെൻറ വിജയമാണ് ഇക്കുറി ഹൈബ്രിഡ് രീതിയിലേക്ക് മാറാൻ സംഘാടകരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വെർച്വൽ പരിപാടിയിൽ 140 രാജ്യങ്ങളിലെ 12,000 പേർ പങ്കെടുത്തിരുന്നു. ട്രാവൽ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനം, പ്രമുഖർ നയിക്കുന്ന സെമിനാറുകൾ, മിഡിലീസ്റ്റ് ടൂറിസം നിക്ഷേപ ഉച്ചകോടി, ഹോട്ടൽ ടൂറിസത്തിെൻറ പുതിയ സാധ്യതകൾ തുടങ്ങിയവയാണുള്ളത്. 67 കോൺഫറൻസുകൾ നടക്കും. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള 145 വിദഗ്ധർ സംസാരിക്കും.കോവിഡിൽ തകർന്ന ട്രാവൽ മേഖലയെ കൈപിടിച്ചുയർത്താനാണ് ഇത്തവണത്തെ മേള.
കോവിഡ് സാങ്കേതികമേഖലയിലുണ്ടാക്കിയ വളർച്ച എങ്ങനെ ഉപയോഗിക്കാമെന്ന് ചർച്ച ചെയ്യും. യാത്രാവിലക്കുകളുണ്ടെങ്കിലും അവയെ മറികടന്ന് ഈ മേഖലയെ എങ്ങനെ പിടിച്ചുനിർത്താമെന്നതും വിഷയമാവും. യു.എ.ഇയുെട സാംസ്കാരിക തനിമ വെളിപ്പെടുത്തുന്ന പുതിയ വിനോദസഞ്ചാര പദ്ധതികളും രാജ്യാന്തരമേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും അണിനിരക്കും. ഒന്നരവർഷത്തിനിടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരിപാടിയാണിത്.
www.wtm.com/atm എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം വേണം വേൾഡ് ട്രേഡ് സെൻററിലെത്താൻ. രജിസ്റ്റർ ചെയ്യുേമ്പാൾ സന്ദർശിക്കുന്ന തീയതിയും നൽകണം. ഇ-മെയിൽ വഴി ലഭിക്കുന്ന പ്രവേശന പാസിെൻറ പ്രിൻറുമായെത്തണം. രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെയാണ് പ്രവേശനം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.