റാസല്‍ഖൈമ: പ്രാര്‍ഥനാനിര്‍ഭര ചടങ്ങുകളുടെയും അനുഷ്ഠാനകലകളുടെ പ്രതീകാത്മക അവതരണത്തിന്റെയും അകമ്പടിയോടെ റാസല്‍ഖൈമയില്‍ നടന്ന അയ്യപ്പമഹോത്സവം ശ്രദ്ധേയമായി.
റാസല്‍ഖൈമ അയ്യപ്പ ധർമ സംരക്ഷണ ആധ്യാത്മിക സമിതിയുടെ നേതൃത്വത്തില്‍ റാക് എക്സ്പോയില്‍ നടന്ന ചടങ്ങുകളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്തു. ശബരിമല, ഗുരുവായൂര്‍ മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. സന്നിധാനന്ദന് നയിച്ച ഭക്തിഗാനസുധ, ഏലൂര്‍ ബിജു അവതരിപ്പിച്ച സോപാനസംഗീത അഷ്ടപദി, ഭരതം ദുബൈ, നാദം റാസല്‍ഖൈമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തായമ്പക, ചെമ്പടമേളം, കെ. രഘുനന്ദനന്, അമ്പലപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ നയിച്ച നായാട്ടുവിളി തുടങ്ങിയവ അയ്യപ്പ മഹോത്സവത്തിന് നിറവേകി.
പേട്ടതുള്ളല്‍ തുടങ്ങി അനുഷ്ഠാനകലകളുടെ പ്രതീകാത്മക അവതരണം ആസ്വദിച്ച അയ്യപ്പഭക്തര്‍ സർവൈശ്വര്യപൂജ, അന്നദാനം തുടങ്ങിയവയിലും പങ്കെടുത്തു. റാസല്‍ഖൈമ വേല്‍മുരുക കാവടിച്ചിന്ത് സംഘം അവതരിപ്പിച്ച ചിന്തുപാട്ടും അരങ്ങേറി. റാക് എക്സ്പോ സെന്ററില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ പുലർച്ച അഞ്ചരയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രി പത്തു മണിയോടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.