ദുബൈ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ഒരുക്കുന്ന സാംസ്കാരിക സമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാൻഡിൽ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി മുഖ്യാതിഥിയാകും. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽ മുഹൈറി, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരും അറബ് പ്രമുഖരും സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് സമാധാനപൂർണമായ ജീവിതവും തൊഴിലും നൽകി സംരക്ഷിക്കുന്ന യു.എ.ഇയുടെ ദേശീയദിനം വളരെ അഭിമാനത്തോടെയാണ് ദുബൈ കെ.എം.സി.സി ആഘോഷിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷ സ്വാഗതസംഘം ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുടുംബസമേതം ആസ്വദിക്കാവുന്ന വിധമാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇശൽ നൈറ്റിൽ മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ഷാഫി കൊല്ലം, ആദിൽ അത്തു, കണ്ണൂർ മമ്മാലി എന്നിവർ അണിനിരക്കും. ഈദുൽ ഇത്തിഹാദ് സ്വാഗതസംഘം ജനറൽ കൺവീനർ യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, സി.ഡി.എ ഡയറക്ടർ ബോർഡ് അംഗങ്ങളായ റാശിദ് അസ്ലം.
ഒ.കെ. ഇബ്രാഹിം, അഡ്വ. ഖലീൽ ഇബ്രാഹിം, റയീസ് തലശ്ശേരി, സമദ് എടക്കുളം, മീഡിയ കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, കൺവീനർ സൈനുദ്ദീൻ ചേലേരി, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് പട്ടാമ്പി, കൺവീനർ കെ.പി.എ. സലാം, ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ ഹംസ തൊട്ടിയിൽ, എ.സി. ഇസ്മായിൽ, ബെൻസ് മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.