ദുബൈ: അപ്രതീക്ഷിതമായെത്തിയ തിരമാലകൾ കവർന്നെടുത്തത് ഒരു കുടുംബത്തിെൻറ സ്വപ്നങ്ങളും സന്തോഷവും. മൂന്നുമാസത്തെ വിസിറ്റിങ് വിസയിൽ അവധി ആഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിെൻറ (47) കുടുംബം യു.എ.ഇയിൽ എത്തിയത്. ഷാർജ-അജ്മാൻ അതിർത്തിയിലെ അൽഹീര ബീച്ചിൽ കുളിക്കുന്നതിനിടെയാണ് ഇസ്മായിലും കുടുംബവും അപകടത്തിൽപെട്ടത്.
അനുജെൻറ മക്കൾ ഉൾപ്പെടെ നാലുപേരെയും കരക്കെത്തിച്ചെങ്കിലും ഇസ്മായിലിനെയും മൂത്തമകൾ അമലിനെയും (18) കടൽ കവർന്നെടുക്കുകയായിരുന്നു.മക്കളെ കോർണിഷിൽ കൊണ്ടുപോകണമെന്നും അതിനാൽ ഓഫിസിൽനിന്ന് നേരത്തെ ഇറങ്ങുകയാണെന്നും പറഞ്ഞ് സുഹൃത്തിന് വോയ്സ് മെസേജ് അയച്ചശേഷമാണ് ഇസ്മായിൽ മരണത്തിലേക്ക് യാത്രയായത്.
ഷാർജ കടലിൽ ഒഴുക്കിൽപെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി
ഷാർജ: കോഴിക്കോട് സ്വദേശികളായ പിതാവിെൻറയും മകളുടെയും മുങ്ങിമരണത്തിെൻറ നൊമ്പരം അടങ്ങും മുമ്പേ ഷാർജ ബീച്ചിൽ രണ്ട് ഏഷ്യക്കാർ അപകടത്തിൽപെട്ടു. പൊലീസും തീരസംരക്ഷണ വിഭാഗവും നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരുടെയും ജീവൻ രക്ഷിച്ചു. തിരമാലകളും അടിയൊഴുക്കും ശക്തമായ ഭാഗത്തെ മുന്നറിയിപ്പ് വകവെക്കാതെ കടലിൽ നീന്താൻ ഇറങ്ങിയവരാണ് അപകടത്തിൽപെട്ടത്. മുങ്ങിത്താഴാൻ തുടങ്ങിയ ഇവരെ തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
ഷാർജയിലെ മംസാർ, ഹിറ, ഫിഷ്ത്ത്, അൽ ഖാൻ തീരങ്ങളിൽ അസ്ഥിര കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്തെ പ്രതിഭാസമാണിത്. ഇത്തരം ഘട്ടങ്ങളിൽ അടിയൊഴുക്കും മണ്ണൊലിപ്പും ശക്തമാകും. പുറമേക്ക് ശാന്തമായി കാണുന്ന കടൽ അപകടകാരികളാകുന്നത് ഈ പ്രതിഭാസം മൂലമാണ്. അതു കൊണ്ടുതന്നെയാണ് മിക്ക തീരങ്ങളിലും പൊലീസ് നീന്തൽ നിരോധിച്ചിരിക്കുന്നത്. നീന്താൻ അനുമതിയുള്ള ഭാഗങ്ങളിൽ ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.
അപകടം വരുത്തിയത് വേലിയേറ്റം
ബീച്ചിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്. ഇസ്മായിലിെൻറ മൂന്ന് മക്കളും അനുജെൻറ രണ്ട് മക്കളുമാണ് ഒഴുക്കിൽപെട്ടത്. നാലുപേരെയും രക്ഷിച്ച് കരക്കെത്തിച്ച ഇസ്മായിൽ മൂത്തമകളായ അമലിനെ രക്ഷിക്കാൻ വീണ്ടും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സുരക്ഷസേന നടത്തിയ തിരച്ചിലിനൊടുവിൽ അരമണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷപ്പെടുത്തുേമ്പാൾ ഇസ്മായിലിന് ജീവനുണ്ടായിരുന്നെങ്കിലും അൽപസമയത്തിനകം മരിച്ചു.
ഇസ്മായിലിെൻറയും അനുജെൻറയും ഭാര്യമാർ നോക്കിനിൽക്കെയാണ് അപകടം. 14 വർഷമായി ദുബൈ ഗതാഗത വകുപ്പ് (ആർ.ടി.എ) ജീവനക്കാരനാണ് ഇസ്മായിൽ. മൃതദേഹങ്ങൾ ഞായറാഴ്ചയോടെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. ഭാര്യ: നഫീസ. മറ്റ് മക്കൾ: അമാന, ആലിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.