ദുബൈ: ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ദുബൈ എക്സ്പോ സന്ദർശനത്തിനിടെ ഇന്ത്യൻ പവലിയനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയെ അതിജീവിക്കാൻ വളരെ വേഗത്തിൽ ഇന്ത്യക്ക് സാധിച്ചു. രോഗമുക്തിയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവുമാണ് രാജ്യം ശ്രദ്ധിച്ചത്. അടുത്ത ഏതാനും മാസങ്ങൾക്കകം ഇതിെൻറ ഫലം നമുക്ക് കാണാനാവും -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതിെൻറ സൂചനകളാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ആത്മവിശവാസത്തിലാണ്. ഭാവിയെ ശോഭനമാക്കാൻ ഇത് സഹായിക്കും. കോവിഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ ഏത് സാഹചര്യവും നേരിടാൻ നാം സജ്ജമാണ്. വാക്സിനേഷനിൽ നേടിയ മുന്നേറ്റം അതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യയുടെ ഏറ്റവും സുപ്രധാന പങ്കാളിയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വരുന്നവർക്ക് റാപ്പിഡ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാൻ യു.എ.ഇ ദേശീയ അടിയന്തിര ദുരന്തനിവാരണ സമിതി(എൻ.സി.ഇ.എം.എ)യോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതും വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും പരിഗണിച്ച് റാപിഡ് ടെസ്റ്റ് ഒഴിവാക്കാനാണ് യു.എ.ഇ അധികൃതരോട് അഭ്യർഥിച്ചിരിക്കുന്നത്. ആവശ്യം ഗൗരവപൂർവ്വം എൻ.സി.ഇ.എം.എ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ദുബൈ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും പങ്കെടുത്തു. ഇന്ത്യൻ പവലിയന് പുറമെ, യു.എ.ഇ പവലിയനും മന്ത്രി ഡോ. എസ്. ജയ്ശങ്കർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.