ദുബൈ: ലോക പൊലീസ് ഉച്ചകോടിയുടെ മൂന്നാം എഡിഷൻ അടുത്ത വർഷം മാർച്ച് അഞ്ചുമുതൽ ഏഴുവരെ ദുബൈയിൽ നടക്കും. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ഉച്ചകോടിയിൽ 100ലധികം രാജ്യങ്ങളിലെ പൊലീസ് മേധാവികൾ, 170 പ്രദർശകർ, 109 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ, പ്രഭാഷകർ എന്നിവർ പങ്കെടുക്കും. വിവര കൈമാറ്റങ്ങൾ പരിപോഷിപ്പിക്കുകയും മികച്ച പ്രവർത്തങ്ങളെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻ നിർത്തി 140ഓളം സെഷനുകളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉച്ചകോടിയുടെ ആദ്യ രണ്ട് എഡിഷനുകളും ദുബൈയിൽ വെച്ചായിരുന്നു നടന്നത്. രാജ്യാന്തര തലത്തിൽ നടക്കുന്ന സംഘടിതമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ കൂടുതൽ സംഘടിതവും കൃത്യവും പ്രഫഷനൽ ചട്ടക്കൂടുകളോട് കൂടിയതുമായ അന്താരാഷ്ട്ര നിയമം കൊണ്ടുവരുന്നതിനാവശ്യമായ മാർഗ നിർദേശം നൽകുന്നതിൽ രണ്ട് ഉച്ചകോടികളും പ്രധാന പങ്കാണ് വഹിച്ചതെന്ന് ദുബൈ പൊലീസ് കമാൻഡൻ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി പറഞ്ഞു. ധ്രുതഗതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് പൊലീസിങ് രംഗത്തെ പുതിയ പ്രവണതകളും വെല്ലുവിളികളും സംബന്ധിച്ചുള്ള സമഗ്രവും സംയോജിതവുമായ കാഴ്ച്ചപ്പാട് ഉണ്ടാക്കാൻ പൊലീസ് മേധാവികൾ, വിദഗ്ധർ, നിയമ നിർവഹണ ഏജൻസികൾ എന്നിവരെ ഉച്ചകോടി പ്രാപ്തരാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക പൊലീസ് ഉച്ചകോടിയെ നിർണായകമായ ഒരു വേദിയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുടെ സുപ്രധാന ഉറവിടമായി ദുബായ് പ്രവർത്തിക്കുന്നതായും വ്യക്തമാക്കി. ആഗോളവത്കരണത്തിന്റെയും ഡിജിറ്റലൈസേഷന്‍റെയും ഫലമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകളും മികച്ച നടപടികളും ദുബൈ പൊലീസ് ഉച്ചകോടിയിൽ വിവരിക്കുമെന്നും അൽ മർറി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികളും പ്രോദേശികവും രാജ്യാന്താര തലത്തിലുമുള്ള നിയമ നിർവഹണ ഏൻജികളും തമ്മിലുള്ള ചർച്ചകൾക്കുള്ള വേദികൂടിയാണ് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക ഉച്ചകോടി.
പൊലീസ് സംവിധാനത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിന് എന്തെല്ലാം ഘടകങ്ങൾക്ക് പ്രധാന്യം നൽകണമെന്നത് സംബന്ധിച്ച ചർച്ചകൾക്കുമുള്ള അവസരം ഉച്ചകോടിയിൽ ഉണ്ടാകുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.