അബൂദബി: ലോകത്തിലെ വലിയ കോവിഡ് വാക്സിൻ സംഭരണ കേന്ദ്രം ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബൂദബിയിൽ. കോവിഡ് പ്രതിരോധത്തിനായി രൂപവത്കരിച്ച ഹോപ് കൺസോർട്യത്തിെൻറ വലിയ അൾട്രാ മോഡേൺ ഫാർമസ്യൂട്ടിക്കൽ ലോജിസ്റ്റിക് സൗകര്യവും അബൂദബിയിലാണ്. ഏതുസമയത്തും 120 ദശലക്ഷം കോവിഡ് വാക്സിനുകൾ ഇവിടെ കൈകാര്യം ചെയ്യാനും സംഭരിക്കാനും ശേഷിയുണ്ട്.
യു.എ.ഇ നേതൃത്വത്തിെൻറ മാർഗനിർദേശവും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നിക്ഷേപവും അബൂദബി കോവിഡ് രോഗത്തിെൻറ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള അസാധ്യവും പ്രത്യാശയും പകരുന്ന കഴിവ് ഇതിനകം തെളിയിച്ചു. കോവിഡ് രോഗ നിർമാർജനത്തിനുള്ള വാക്സിനേഷൻ യജ്ഞത്തിൽ അബൂദബി മുന്നിലെത്തിയതോടൊപ്പം വാക്സിനുകൾ വികസിപ്പിക്കുന്നതിലും മികച്ച സംഭാവനയാണ് നൽകിയത്. കോവിഡ് രോഗത്തിനെതിരായ ആഗോളതലത്തിലെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിലും മുൻപന്തിയിൽ പ്രവർത്തിച്ചു. ലോകമെമ്പാടും ഏറ്റവും ആവശ്യമുള്ള വാക്സിനുകളുടെ ഗതാഗതം, സംഭരണം, വിതരണം എന്നിവ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള ശേഷിയിലും അബൂദബി മുന്നിലാണ്.
19,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താപനില നിയന്ത്രിത വെയർഹൗസിൽ എല്ലാത്തരം വാക്സിനുകളും മറ്റു ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും പ്ലസ് എട്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 80 ഡിഗ്രി സെൽഷ്യസ് വരെ പ്രത്യേക താപനില പരിധി ക്രമീകരിച്ച് സംഭരിക്കാനാകും. അന്തരീക്ഷ താപനിലയിൽ മറ്റു ഫാർമസ്യൂട്ടിക്കൽ ഉപഭോഗവസ്തുക്കളുടെ സംഭരണത്തിനുള്ള ശേഷിയും ഇവിടെയുണ്ട്.
കോവിഡ് പകർച്ചവ്യാധിയെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കായി 'പ്രത്യാശയുടെ കൂട്ടുകെട്ട്'സഖ്യം അബൂദബിയിൽ നടന്ന ദ്വിദിന വെർച്വൽ ലോക ഉച്ചകോടിക്കുശേഷം അബൂദബി തുറമുഖത്തിനു സമീപത്തെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബൂദബിയിലെ (കിസാദ്) താപനില നിയന്ത്രിത വെയർഹൗസ് അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് സന്ദർശിച്ചു. അബൂദബി പോർട്ട്സ് ഗ്രൂപ് സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ഷംസിയും, ഹോപ് കൺസോർട്യം ഓപറേഷൻ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല അൽ ഹമേലി, കിസാദ് വ്യവസായ നഗര ഫ്രീസോൺ-ലോജിസ്റ്റിക്സ് ക്ലസ്റ്റർ തലവൻ റോബർട്ട് സട്ടൺ, അബൂദബി തുറമുഖ വകുപ്പിലെയും ഹോപ് കൺസോർട്യത്തിലെയും ഒട്ടേറെ ഉദ്യോഗസ്ഥരും വെയർഹൗസ് സന്ദർശനത്തിൽ പങ്കെടുത്തു.
ഹോപ് കൺസോർട്യം മിഷനെ പിന്തുണക്കുന്നതിൽ അബൂദബി തുറമുഖങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കിനെയും അൽ ഹമീദ് പ്രശംസിച്ചു. വാക്സിനുകൾ സ്വീകരിക്കുന്ന രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സംഭരണശേഷിയും അവ കൈകാര്യം ചെയ്യാൻ കഴിയുന്ന മിതശീതോഷ്ണ സൗകര്യവും കണക്കിലെടുക്കുമ്പോൾ നിലവിൽ അബൂദബിയിലെ ശേഷി വളരെ മികവുറ്റതാണ്. കോവിഡ് -19 വാക്സിനുകൾ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്നതിന് അബൂദബി തുറമുഖങ്ങളുടെ സംഭാവന വളരെ പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അബൂദബി ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ അബൂദബി തുറമുഖങ്ങളുടെ സഹകരണത്തോടെ പ്രത്യേക ലോജിസ്റ്റിക്സ് സംവിധാനത്തിലൂടെയും ഡിജിറ്റൽ പരിഹാരത്തിലൂടെയുമാണിത് നടപ്പാക്കുന്നത്. ഏക അയാട്ട സർട്ടിഫൈഡ് സ്ഥാപനമായ ഇത്തിഹാദ് കാർഗോ, അബൂദബി ആസ്ഥാനമായുള്ള എ.ഡി.ക്യുവിെൻറ ആരോഗ്യസംരക്ഷണ വിഭാഗമായ റാഫെഡ്, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനായി താപനില നിയന്ത്രിത ലോജിസ്റ്റിക് കണ്ടെയ്നറുകൾ വികസിപ്പിക്കുന്ന സ്വിറ്റ്സർലൻഡിെൻറ അവാർഡ് നേടിയ സ്കൈസെൽ എന്നിവയാണ് അബൂദബിയിലെ കോവിഡ് വാക്സിൻ ലോജിസ്റ്റിക്സ് ഗതാഗതം സുഗമമാക്കുന്നത്. 190 ലധികം രാജ്യങ്ങളിലെ പങ്കാളികളുമായി സഹകരിച്ച് പ്രാദേശികമായും ആഗോളപരമായും ദശലക്ഷക്കണക്കിന് വാക്സിൻ വിതരണം ചെയ്യുന്നതിന് കൺസോർട്യം ഇതിനകം തന്നെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.