യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം

അൽഐൻ: ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലെ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിന് തിങ്കളാഴ്ച തുടക്കം.

ദുബൈയിലെ ഏഷ്യൻ സ്കൂളുകളിൽ ഏപ്രിൽ നാലിന് ക്ലാസ് തുടങ്ങിയിരുന്നു. അബൂദബി എമിറേറ്റിലെ ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ 18നാണ് ക്ലാസ് തുടങ്ങുന്നത്. ഇവർക്ക് അവസാന പാദ ക്ലാസുകളാണ് തുടങ്ങുന്നത്. മൂന്ന് ആഴ്ചയോളം വരുന്ന വസന്തകാല അവധിക്കുശേഷമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ പുതുതായി സ്കൂളുകളിൽ എത്തും. റമദാൻ സമയക്രമമനുസരിച്ചാണ് ഈ മാസം സ്കൂളുകൾ പ്രവർത്തിക്കുക. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പുകളും നടത്തിയത്. പുതിയ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍റെയും പുസ്തക, യൂനിഫോം വിതരണത്തിന്‍റെയും തിരക്കിലായിരുന്നു സ്കൂളുകൾ.

അബൂദബിയിലെ സ്കൂളുകളിൽ മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളുകളിൽ നേരിട്ട് എത്തണം. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ പഠനരീതി പൂർണമായും നിർത്തലാക്കും.

നേരത്തേ സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്തുന്ന രീതിയോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ടായിരുന്നു. അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ സ്കൂളുകളിൽ കഴിഞ്ഞ വർഷംതന്നെ ഓൺലൈൻ പഠനം പൂർണമായും ഒഴിവാക്കി സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പഠനം. ബന്ധപ്പെട്ട വകുപ്പുകളുടെ കർശന പരിശോധനകളുണ്ടാവും. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 30 ദിവസത്തിൽ ഒരിക്കൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കുകയും വേണം. 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും 14 ദിവസത്തിൽ ഒരിക്കൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കുകയും വേണം. ആദ്യദിനം സ്കൂളിൽ പ്രവേശിക്കാൻ 96 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പി.സി.ആർ ടെസ്റ്റ് ഫലം ഹാജരാക്കണം.

ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ സാധാരണ നടക്കാറുള്ള 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഈ വർഷം ഏപ്രിൽ 26നാണ് ആരംഭിക്കുക. അതിനാൽ, യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ 11ാം ക്ലാസുകളിലെ അധ്യയനം ബോർഡ് പരീക്ഷകൾ കഴിഞ്ഞശേഷമേ ആരംഭിക്കുകയുള്ളൂ.

Tags:    
News Summary - Today marks the start of the new academic year in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.