ദുബൈ: തലസ്ഥാന നഗരിയായ അബൂദബിയിലെ റോഡുകളിൽ പുതുതായി ഏർപ്പെടുത്തിയ ടോൾ സംവിധാനം നിലവിൽവന്നു. ആദ്യ ദിവസം ഗതാഗതത്തിരക്ക് താരതമ്യേന കുറവായിരുന്നുവെന്നാണ് വിലയിരുത്തൽ. രാവിലെയും വൈകീട്ടുമായി രണ്ടു മണിക്കൂർ വീതം മാത്രമാണ് ടോൾ ഇൗടാക്കുന്നത്.
തിരക്കേറിയ സമയത്തു മാത്രം എന്ന രീതിയിൽ ടോൾ ഗേറ്റ് സിസ്റ്റം എക്സിക്യൂട്ടിവ് റെഗുലേഷനിൽ ചില ഘടകങ്ങൾ ഭേദഗതി ചെയ്തതായി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പും (ഡി.എം.ടി) അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും (ഐ.ടി.സി) നേരേത്ത തന്നെ അറിയിച്ചിരുന്നു. ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയുമാണ് തിരക്കേറിയ സമയമായി നിർണയിച്ചിരിക്കുന്നത്. ഈ സമയത്ത് അബൂദബി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന മാർഗങ്ങളായ ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങൾക്ക് ശനിയാഴ്ച മുതൽ നാല് ദിർഹം വീതമാണ് ടോൾ നിരക്ക് ഈടാക്കുന്നത്. പ്രതിദിനം ഓരോ വാഹനത്തിനും പരമാവധി 16 ദിർഹം എന്ന നിലയിൽ നിരക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്.
അബൂദബി ടോൾ ഗേറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമയുടെ അക്കൗണ്ടിൽനിന്ന് ഫീസ് കുറക്കും. തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ടോൾ ഈടാക്കുന്നതല്ല.ഓരോ വാഹനത്തിനും പ്രതിമാസ പണമടക്കലിന് ആദ്യ വാഹനത്തിന് 200 ദിർഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം, മൂന്നാമത്തെ വാഹനത്തിനും ഓരോ അധിക വാഹനത്തിനും 100 ദിർഹം വീതം എന്നിങ്ങനെയാണ് നിരക്ക് പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഒരു അപേക്ഷകന് ഒരു വാഹനത്തിന് എന്ന നിലയിൽ ഇളവുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. കമ്പനി വാഹനങ്ങൾക്കും ടോൾ ഗേറ്റ് സംവിധാനത്തിൽ ഇതേ നിരക്ക് ബാധകമാണെങ്കിലും പ്രതിദിനം അല്ലെങ്കിൽ പ്രതിമാസം പരമാവധി ഫീസ് നിയന്ത്രണ പരിധി ലഭിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.