ദുബൈ: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ പരിവർത്തനത്തിന് നേതൃത്വം നൽകിയ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് യു.എ.ഇയുടെ സാമ്പത്തിക മുന്നേറ്റത്തെ എക്കാലവും പ്രശംസിച്ച ഭരണാധികാരിയായിരുന്നു. അതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിന് പിന്തുണ നൽകുകയും താൽപര്യപ്പെടുകയും ചെയ്ത വ്യക്തിത്വവുമാണ്.
2007ൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്ത്യ സന്ദർശിച്ചപ്പോൾ, ന്യൂഡൽഹിയിലെ ഹൈദരാബാദ് പാലസിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ മൻമോഹൻസിങ് പ്രവാസി തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ യു.എ.ഇ നടപ്പിലാക്കിയ നിയമങ്ങളെ പ്രശംസിക്കുകയുണ്ടായി.
എല്ലാ താമസക്കാർക്കും സുരക്ഷിതവും മികച്ചതുമായ ജീവിത സാഹചര്യമൊരുക്കുന്ന ഇമാറാത്തി ഭരണാധികാരികളുടെ നടപടികളെയും അദ്ദേഹം എടുത്തു പറയുകയുണ്ടായി.
ഇന്ത്യയുടെ ധനകാര്യ മന്ത്രി പദവിയിലിരുന്ന കാലം മുതൽ മൻമോഹൻസിങ് യു.എ.ഇ ഭരണാധികാരികളുമായി ബന്ധം പുലർത്തുകയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുൻകൈയെടുക്കുകയും ചെയ്തു. 1992ൽ ധനകാര്യ മന്ത്രി പദവിയിലിരിക്കെ അന്നത്തെ യു.എ.ഇ ധനമന്ത്രി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2007ൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്ത്യ സന്ദർശിച്ചപ്പോൾ വലിയ സ്വീകരണം ഒരുക്കുകയും വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യ-യു.എ.ഇ സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായകമായി. പിന്നീട് 2010ലും ശൈഖ് മുഹമ്മദുമായി മൻമോഹൻ സിങ് കൂടിക്കാഴ്ച നടത്തുകയുണ്ടായി.
2011ൽ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായും അതേവർഷം തന്നെ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനുമായും മൻമോഹൻസിങ് കൂടിക്കാഴ്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.
ദുബൈ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ വേര്‍പാടില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. സാമ്പത്തിക വിദഗ്ധന്‍, രാഷ്ട്രതന്ത്രജ്ഞന്, വിനീതനായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തില്‍ ശാശ്വതമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയായും പ്രധാനമന്ത്രിയായും ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും രാജ്യത്തിന്റെ ആഗോള നില രൂപപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അതുല്യമായ സേവനങ്ങളും സമഗ്ര കാഴ്ചപ്പാടും വരും തലമുറകളെയും പ്രചോദിപ്പിക്കും. ആത്മാവിന് നിത്യ ശാന്തി നേരുന്നതായും അദ്ദേഹം പറഞ്ഞു.
ദുബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബൽ ഉപദേശക കൗൺസിലിലെ അംഗം എന്ന നിലയിൽ അദ്ദേഹവുമായി നിരവധിതവണ അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.
ദുബൈ: പ്രഗല്ഭ സാമ്പത്തിക പരിഷ്കര്‍ത്താവും മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അതി നിർണായക പങ്കുവഹിച്ച വ്യക്തിത്വവുമായ ഡോ. മന്മോഹന് സിങ്ങിന്റെ വിയോഗം വേദനയുണ്ടാക്കുന്നതാണെന്ന് സഫാരി സൈനുൽ ആബിദീൻ പറഞ്ഞു.
വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് നടത്തിയ നോമ്പുതുറയില്‍ പങ്കെടുക്കുന്ന വേളയിലാണ് ആദ്യമായി ഡോ. മന്മോഹന് സിങ് എന്ന അതിപ്രഗല്ഭനായ സാമ്പത്തിക പരിഷ്കര്‍ത്താവിനെ ആദ്യമായി കാണുന്നത്. അന്നദ്ദേഹവുമായി സംസാരിക്കാനും അവസരമുണ്ടായി. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനും സംവദിക്കാനുമുള്ള അവസരവുമുണ്ടായിരുന്നു.
ദുബൈ: ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ബിംബമായിരുന്നു ഡോ. മന്മോഹന്സിങ്ങെന്ന് ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ.എം. അന്‍സാര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ ഇന്ത്യയുടെ ശോഭനമായ ഭാവി കുറിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. 1990ല്‍ നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നുകൊണ്ട് അദ്ദേഹം നടത്തിയ ഉദാരവത്കരണ നയങ്ങളാണ് ഇന്ത്യയുടെ സമ്പദ്രംഗം ഇന്നും ഇതേ നിലയില്‍ നിലനിര്‍ത്താന്‍ ഇടയായത്. സാമ്പത്തിക രംഗത്ത് അമേരിക്ക പോലും തകര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഒരു പോറല്‍പോലും ഏല്ക്കാതെ കാത്തുസൂക്ഷിച്ചതില്‍ അദ്ദേഹത്തിന്റെ തന്ത്രവും ഭരണ നൈപുണ്യവും ഇന്ത്യക്ക് കരുതലും കരുത്തുമായി മാറി. അദ്ദേഹത്തിന്റെ നഷ്ടം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമല്ല ഇന്ത്യക്ക് മൊത്തമായുണ്ടായ നഷ്ടമാണ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ദുബൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ട്രഷറർ ബിജു അബ്രഹാം എന്നിവർ അറിയിച്ചു. ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അമർന്നപ്പോൾ ധിഷണാശാലിയായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ സുസ്ഥിര സാമ്പത്തിക ശക്തിയായി മുന്നോട്ടുനയിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തൊഴിലും അവരുടെ കൈകളിൽ പണവും എത്തിച്ച അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും അവർ പറഞ്ഞു.
ദുബൈ: മുൻ പ്രധാന മന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മലബാർ പ്രവാസി (യു.എ.ഇ) കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മലയിൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.