ദുബൈ: ശൈത്യകാലത്തിന്റെ തുടക്കത്തിൽ രാജ്യത്ത് രണ്ട് എമിറേറ്റുകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഞായറാഴ്ച മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ചില വടക്കൻ മേഖലകളിൽ എൻ.സി.എം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
റാസൽഖൈമയിലെ ആസ്മാഹിൽ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയും ഫുജൈറയിലെ അൽ ബിത്നാഹിൽ വൈകീട്ട് മൂന്നു മണിയോടെയുമാണ് നേരിയ തോതിൽ മഴ ലഭിച്ചത്. ശൈത്യകാലത്തിന് തുടക്കം കുറിച്ച് രാജ്യത്തുടനീളം തണുത്ത താപനിലയും തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. കാലാവസ്ഥ ഓഫിസിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ചില കിഴക്ക്, വടക്ക് മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ വാഹനങ്ങൾക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് വാഹന യാത്രക്കാർ മാറി നിൽക്കണമെന്ന് എൻ.സി.എം അഭ്യർഥിച്ചു. ബുധനാഴ്ച രാവിലെ കടലിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ഇത് ചില ഘട്ടങ്ങളിൽ 40 കിലോമീറ്റർ വേഗത കൈവരിച്ചേക്കാം.
അതേസമയം, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നും എൻ.സി.എം അറിയിച്ചു. പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണം. അതേസമയം, തിങ്കളാഴ്ച രാത്രിയോടെ ചെറിയ തോതിൽ ഈർപ്പം അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഇത് തീരദേശ മേഖലകളിൽ മഞ്ഞ് രൂപപ്പെടാനിടയാക്കും. അറബ്യേൻ ഗൾഫ് പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.