ദുബൈ: പൊലീസ് വകുപ്പിൽ ആകാശദൗത്യങ്ങൾക്ക് ഇനി രണ്ട് വനിതാ പൈലറ്റുകൾ കൂടി അണിചേരും. ദുബൈ പൊലീസ് അക്കാദമിയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ദാന അൽ മാസ്മിയും മഹ്റ ബിൻഹമ്മാദുമാണ് പൈലറ്റുമാരായി ദൗത്യങ്ങൾക്ക് തയാറായിരിക്കുന്നത്. അപകടസ്ഥലങ്ങളിൽനിന്ന് പരിക്കേറ്റവരെ രക്ഷിക്കുക, മരുഭൂമിയിലും മലനിരകളിലും ഒറ്റപ്പെട്ടവരെ കണ്ടെത്തുക, അപകടസ്ഥലങ്ങളിലെ തത്സമയ ചിത്രങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്ക് അയക്കുക, പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്.ദുബൈ പൊലീസിൽ വനിതകൾക്ക് ലഭിക്കുന്ന പരിഗണനയിലും ഉന്നതദൗത്യങ്ങൾ ഏൽപിക്കപ്പെട്ടതിലും അഭിമാനമുണ്ടെന്ന് മഹ്റ പറഞ്ഞു. ആഗസ്റ്റ് 28ലെ ഇമാറാത്തി വനിതദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. തെൻറ ജോലിയിൽ അഭിമാനിക്കുന്നതായും ഏൽപിച്ച ചുമതലകൾ സമൂഹത്തെ സംരക്ഷിക്കാനും എെൻറ രാജ്യത്തെ സേവിക്കാനും സഹായിക്കുമെന്നും ദാന അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ദുബൈ രാജകുടുംബാംഗമായ ശൈഖ മൗസ ബിൻത് മർവാൻ ആൽ മക്തൂം പൊലീസിലെ ആദ്യ വനിതാ പൈലറ്റായി നിയമിതയായിരുന്നു. പട്രോളിങ്ങും രക്ഷാപ്രവർത്തനങ്ങളുമടക്കം വിവിധ ദൗത്യങ്ങളിൽ ഇവർ നിയമിതയായിട്ടുണ്ട്.
ദുബൈ പൊലീസിൽ ആദ്യമായി കുതിരപ്പുറത്തെ പട്രോളിങ്ങിന് വനിത നിയമിതയായിരുന്നു. ക്യാപ്റ്റൻ ഹലീമ അൽ സആദിയാണ് ഈ നേട്ടം കൈവിച്ച ആദ്യ വനിത. പൊലീസിലടക്കം വിവിധ സർക്കാർ വകുപ്പുകളിൽ പ്രധാനപ്പെട്ട എല്ലാ പദവികളിലും യു.എ.ഇയിൽ വനിതകളുണ്ട്. ഭരണാധികാരികളുടെ സ്ത്രീശാക്തീകരണ നയങ്ങൾക്ക് അനുസൃതമായാണ് ഇക്കാര്യത്തിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.