അജ്മാന്: അജ്മാനിലെ ബസുകളിൽ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനം നിരക്കിളവ്. അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ബസുകളിലാണ് വിദ്യാര്‍ഥികള്‍ക്കായി നിരക്കിളവ് പ്രഖ്യാപിച്ചത്. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മസാർ കാർഡുകൾ കൈവശമുള്ള വിദ്യാർഥികൾക്കാണ് 30 ശതമാനം ഇളവ് ലഭിക്കുക.
പൊതുസേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കലാണ് ഗതാഗത അതോറിറ്റി ഇതുവഴി ലക്ഷ്യമിടുന്നത്. പൊതു ബസുകൾ ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അജ്മാനിലെ ആഭ്യന്തരമായ സര്‍വിസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
പരമാവധി ആളുകള്‍ക്ക് പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി അതോറിറ്റി വിവിധ തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന തരത്തില്‍ 12 ആളുകളുടെ ശേഷിയും 14 ആളുകളുടെ ശേഷിയുമുള്ള രണ്ടുതരം ബസുകൾ കൂടി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. മസാർ കാർഡ് കൈവശമുള്ള ബസ് യാത്രക്കാർക്ക്, മാസർ കാർഡ് ഇല്ലാത്തവരെ അപേക്ഷിച്ച് ബസ് നിരക്ക് താരതമ്യേന കുറവായിരിക്കും.
മസാർ കാർഡ് ലഭിക്കുന്നതിന് ചെയ്യേണ്ടത്
https://ta.gov.ae/en/masaar-card-request ലിങ്ക് സന്ദർശിക്കുക
-എമിറേറ്റ്സ് ഐ.ഡി നമ്പർ നൽകി അടുത്ത അപേക്ഷക വിവരം വിഭാഗത്തിലേക്ക് കടക്കുക.
-‘അപേക്ഷക വിവരം’ വിഭാഗത്തിന് കീഴിൽ അപേക്ഷകന്റെ മുഴുവൻ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ നൽകുക.
-എമിറേറ്റ്സ് ഐ.ഡിയുടെ ഇരു പുറത്തെയും കോപ്പി, സമീപകാല വ്യക്തിഗത ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുക.
-അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷയുടെ അഭ്യർഥന നമ്പർ അറിയിപ്പ് അപേക്ഷകന് ലഭിക്കും. തുടർന്ന് അപേക്ഷകന് രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ ഒരു സ്ഥിരീകരണ മെയിൽ ലഭിക്കും.
-മസാർ കാർഡ് ലഭിക്കുന്നതിന് അപേക്ഷ നമ്പർ സഹിതമുള്ള സ്ഥിരീകരണ ഇ-മെയിലിന്റെ പ്രിന്റൗട്ടുമായി അജ്മാൻ മുസല്ല ബസ് സ്റ്റേഷനില്‍ ഹാജരാക്കുക. സ്റ്റേഷനില്‍ പണം അടക്കുന്നതോടെ അപേക്ഷകന് മസാർ കാർഡ് ലഭിക്കും.
-ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സെൻട്രൽ ബസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായും മസാർ കാര്‍ഡിന് അപേക്ഷിക്കാം. നിങ്ങൾ ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചുകഴിഞ്ഞാൽ മസാർ കാർഡ് നൽകും.
-971067148444 എന്ന വാട്സ്ആപ് നമ്പര്‍ വഴിയും മസാര്‍ കാര്‍ഡ് റീചാർജ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.