ദുബൈ: പൊലീസ്, സുരക്ഷ രംഗത്ത് യു.എ.ഇയും ചൈനയും സഹകരണം ശക്തമാക്കുന്നതിന് തീരുമാനം. ഇതിന്റെ ഭാഗമായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽനഹ്യാനും ചൈനീസ് പൊതുസുരക്ഷ മന്ത്രി വാങ് ഷിയാഹോങ്ങും ചർച്ച നടത്തി.
മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതല ചർച്ചയിൽ സുരക്ഷ, നിയമനിർവഹണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് തീരുമാനിച്ചു. പൊലീസ് പ്രവർത്തന രംഗത്ത് നിലനിൽക്കുന്ന സഹകരണം കൂടുതൽ ശക്തമാക്കാനാണ് യു.എ.ഇയും ചൈനയും ധാരണയായത്. അബൂദബിയിലാണ് ഇരു രാജ്യങ്ങളിലെയും ഉന്നത ആഭ്യന്തര ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെ നേരിടാൻ ഇരു രാജ്യങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ യോജിച്ച് പ്രവർത്തിക്കും. പൊലീസ് രംഗത്തെ പുതിയ രീതികളും സംവിധാനങ്ങളും പരസ്പരം കൈമാറാനും ഇരു രാജ്യങ്ങളും ധാരണയായി.
ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖലീലി, ദുബൈ പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറി, അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ സാലിം അൽ ശംസി തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ യു.എ.ഇ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.