ദുബൈ: യു.എ.ഇയുടെ ദേശീയ പതാകദിനം വെള്ളിയാഴ്ച ആചരിക്കും. നവംബർ മൂന്ന് രാജ്യത്താകമാനം പതാകദിനം ആചരിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ആഴ്ച ആഹ്വാനംചെയ്തിരുന്നു.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും രാവിലെ 10 മണിക്കാണ് പതാക ഉയർത്തുക. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പതാകദിനാചരണത്തിൽ പങ്കാളികളാകും. ദേശീയ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടും.
2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബർ മൂന്നിന് ആചരിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേറ്റ ദിവസത്തെ അടയാളപ്പെടുത്തിയാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്.
ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് യു.എ.ഇ ദേശീയപതാകയിലുള്ളത്. പതാക ഉപയോഗത്തിന് കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. പതാക ദീർഘ ചതുരാകൃതിയിലായിരിക്കണം, വീതിയുടെ പകുതി ഉയരത്തിലും നിറങ്ങൾ ശരിയായ ക്രമത്തിലായിരിക്കണം എന്നിവ പ്രധാനമാണ്. സ്ഥിരമായി പതാക സൂക്ഷിക്കുന്നയിടങ്ങളിൽ 45 ദിവസം കൂടുേമ്പാൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. പതാകയെ നിന്ദിക്കുന്നത് പിഴയും തടവുമടക്കമുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
1971ൽ 19 വയസ്സുകാരനായ അബ്ദുല്ല അൽ മൈനയാണ് ദേശീയപതാക രൂപകൽപന ചെയ്തത്. അൽ ഇത്തിഹാദ് ദിനപത്രം പതാക രൂപകൽപന ചെയ്യാൻ നടത്തിയ മത്സരത്തിൽ പങ്കെടുത്ത ആയിരത്തിലേറെ വരുന്നവരിൽനിന്നാണ് ഈ പതാക തിരഞ്ഞെടുത്തത്. കവി സഫിയുദ്ദീൻ അൽ ഹാലിയുടെ കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണിത് രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.