ദുബൈ: യുവജനങ്ങൾക്കും കുട്ടികൾക്കുമിടയിൽ ചാറ്റ് ജി.പി.ടി തരംഗമാണെങ്കിലും അധ്യാപകർക്കിത് തലവേദനയാണ്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ് ജി.പി.ടി ഉപയോഗിച്ച് അസൈന്മെന്റുകൾ തയാറാക്കിവരുന്ന വിരുതന്മാരെ കണ്ടെത്താൻ കഴിയാത്ത അധ്യാപകർക്കിതാ ആശ്വാസവാർത്ത. ഇവരെ പിടികൂടാൻ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് സ്കൂളുകൾ.
ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നമുക്കാവശ്യമായ ഉത്തരം നൽകുന്ന സംവിധാനമാണ് ചാറ്റ് ജി.പി.ടി. നിശ്ചിത വിഷയത്തെക്കുറിച്ചുള്ള അസൈന്റ്മെന്റ് ലഭിക്കുന്ന കുട്ടികൾ ചാറ്റ് ജി.പി.ടി നൽകുന്ന ഉത്തരം കോപ്പി ചെയ്ത് ക്ലാസ് മുറികളിൽ എത്തുകയാണ്. ഇതിന് തടയിടാനാണ് സ്കൂളുകൾ മറുവിദ്യ ആവിഷ്കരിച്ചത്.
നിർമിതബുദ്ധിയുടെ സഹായത്തോടെതന്നെയാണ് മറുവിദ്യയും കണ്ടുപിടിച്ചിരിക്കുന്നത്. സീറോ ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചാറ്റ് ജി.പി.ടി ഉപയോഗിച്ചാണോ സ്വയം എഴുതിയതാണോ എന്ന് കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
അസൈന്മെന്റുകളിലെ ഭാഷ അടിസ്ഥാനപ്പെടുത്തിയായിരിക്കും ‘വ്യാജ’മാരെ കണ്ടെത്തുക. ചാറ്റ് ജി.പി.ടി സ്കൂളുകളിൽ നിരോധിക്കുക എന്നതായിരുന്നു ഒരു നിർദേശം ഉയർന്നത്. എന്നാൽ, ഇത് പ്രാവർത്തികമാക്കാൻ കഴിയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തിയത്. ചില വിദേശ രാജ്യങ്ങളിലെ സ്കൂളുകൾ ചാറ്റ് ജി.പി.ടി ഉപയോഗം നിരോധിച്ചിരുന്നു. ന്യൂയോർക് സിറ്റി പബ്ലിക് സ്കൂൾ, ലോസ് ആഞ്ജലസ് യുനിഫൈഡ് സ്കൂൾ, പാരിസിലെ സയൻസസ് പോ യൂനിവേഴ്സിറ്റി എന്നിവ ചാറ്റ് ജി.പി.ടിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ചാറ്റ് ജി.പി.ടിയുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ യു.എ.ഇ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.