ദുബൈ: ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി യു.എ.ഇ സുപ്രീം സ്പേസ് കൗണ്‍സില്‍ രൂപവത്കരിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് കൗണ്‍സിൽ അധ്യക്ഷന്‍.
യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബഹിരാകാശ സുരക്ഷക്കായുള്ള നയങ്ങള്‍ രൂപവത്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുക, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ പ്രധാന ചുമതലകള്‍.
കൂടാതെ ബഹിരാകാശ മേഖലയിലെ സാങ്കേതിക വിദ്യകള്‍ തിരിച്ചറിയല്‍, മേഖലക്കുവേണ്ട മുന്‍ഗണനകള്‍ നിശ്ചയിക്കല്‍, നിക്ഷേപം തുടങ്ങിയവയെല്ലാം കൗണ്‍സിലിന്റെ ഉത്തരവാദിത്തങ്ങളില്പെടും. അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് ബഹിരാകാശ സുരക്ഷക്കായുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനും കൗണ്‍സിലിന് ചുമതലയുണ്ട്.
കൂടാതെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്താന്‍ നയങ്ങളും ദേശീയ പദ്ധതികളും ആസൂത്രണം ചെയ്ത് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുകയും അവലോകനം ചെയ്ത് അംഗീകരിക്കുകയും ചെയ്യും.
ബഹിരാകാശ ഗവേഷണത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളിലും ബഹിരാകാശ മേഖലക്കും അനുബന്ധ വ്യവസായങ്ങൾക്കും പ്രയോജനപ്പെടുന്ന പ്രാദേശിക, അന്തർദേശീയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും കൗൺസിൽ ശ്രദ്ധപുലർത്തും.
കൂടാതെ സാങ്കേതികവും ഭരണപരവുമായ പിന്തുണ നൽകുന്നതിന് ഉത്തരവാദിത്തമുള്ള കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റായി യു.എ.ഇ ബഹിരാകാശ ഏജൻസിയെ നിയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.