നീണ്ട പ്രവാസത്തിെൻറ വെയിൽപ്പരപ്പിലേക്കു കാലെടുത്തുവെച്ചതിൽപ്പിന്നെ 'നോമ്പുകാലം' ഓർമകളായി മനസ്സിെൻറ ഇരുണ്ട കോണിൽ ഓടിയൊളിച്ചു. ആളും ബഹളവും നിറയുന്ന വീടകങ്ങളായിരുന്നു നാട്ടിലെ നോമ്പുകാലത്തിെൻറ പ്രത്യേകത. രാവിൽ എങ്ങും മുഴങ്ങുന്ന തറാവീഹ് നമസ്കാരവും വലുപ്പച്ചെറുപ്പങ്ങൾ മാഞ്ഞില്ലാതായി അരങ്ങേറുന്ന നോമ്പുതുറകളും പ്രവാസലോകത്തുള്ളവർക്ക് നൊസ്റ്റാൾജിയ മാത്രമായി മാറി.
വല്ലാത്ത മുഹബ്ബത്താണ് ഉമ്മാെൻറ ഭക്ഷണങ്ങളോട്. പ്രത്യേകിച്ച്, നോമ്പുകാല രുചിക്കൂട്ടുകളോട്. ഉമ്മയുണ്ടാക്കുന്ന വറുത്തരച്ച ചിക്കൻ കറിയും നൈസ് പത്തിരിയും ജീരകക്കഞ്ഞിയും എനിക്കും കുഞ്ഞനിയനും വല്ലാത്ത ഇഷ്ടമായിരുന്നു. അതിനു പ്രത്യേകിച്ചൊരു കാരണമുണ്ട്. ഉദ്യോഗസ്ഥരായ ഉപ്പയെയും ഉമ്മയെയും സമാധാനത്തോടെ കാണാൻ കഴിയുന്നതും കൂടെ കിട്ടുന്നതും റമദാൻ മാസത്തിലാണ്.
ഉമ്മയുടെ തിരക്കു പിടിച്ചുള്ള അതിരാവിലത്തെ പാചകം കഴിഞ്ഞാൽ അടുക്കളപ്പാത്രങ്ങൾ ഓരോ മൂലകളിൽ ചേക്കേറും. റമദാൻ മാസം വരെ അടുക്കള നീണ്ട ഉറക്കത്തിലാണ്. വ്രതകാലത്താണ് അടുക്കള ഉറക്കം വെടിഞ്ഞ് സടകുടഞ്ഞ് എഴുന്നേൽക്കുന്നത്.
പലഹാരപ്പെരുമയും വിഭവസമൃദ്ധിയും പാനീയങ്ങൾകൊണ്ടും തീൻമേശ നിറയും. സ്കൂൾ വിട്ടുവരുന്ന ഞങ്ങളെ വരവേൽക്കുന്നത് ഉമ്മാെൻറ സ്പെഷൽ തരിക്കഞ്ഞിയാവും .
മിക്കദിവസങ്ങളിലും അതിഥികളായി പലരും നോമ്പുതുറ സമയത്തുണ്ടാവും. ഉമ്മ അവർക്കുവേണ്ടി എന്തെങ്കിലും കരുതുന്നത് പതിവാക്കിയിരുന്നു. നോമ്പുതുറന്നാൽ സമയം തീരെയുണ്ടാവില്ല.
പള്ളിയിലേക്ക് ഒറ്റ ഓട്ടമാണ്. ഒരുമണിക്കൂറോളം നീണ്ടുനിൽക്കുന്ന തറാവീഹ് നമസ്കാരം കഴിഞ്ഞു വീട്ടിലെത്തിയാൽ നൈസ് പത്തിരിയും ചിക്കൻ കറിയും വയറുനിറയെ തട്ടും. ഇതൊന്നും പോരാഞ്ഞിട്ട് കിടക്കാൻനേരം ജീരകക്കഞ്ഞിയും ഞങ്ങൾക്കായി ഉമ്മ ഒരുക്കിയിട്ടുണ്ടാവും. ഒരു മാസത്തോളം പഠിപ്പൊന്നും നടക്കില്ല. ഹോംവർക്ക് പിറ്റേ ദിവസം 'ക്ലാസ് വർക്കാ'കുന്നത് നോമ്പുകാലത്തിെൻറ പ്രത്യേകതയാണ്.
അത്താഴത്തിനുവേണ്ടി ഉമ്മാെൻറ വിളി കാതുകളിൽ മുഴങ്ങുമ്പോൾ എണീക്കാൻ വല്ലാത്ത മടി തോന്നുമെങ്കിലും മാസ് വറുക്കുന്ന ഗന്ധം തലവഴി മൂടിയ പുതപ്പിനെ ഭേദിച്ചു മൂക്കിലെത്തുമ്പോൾ ചാടി എഴുന്നേൽക്കുകയായി. മാസും മോരൊഴിച്ച കറിയും അച്ചാറും പപ്പടവും. ഹോ! അത്താഴം 'ബഹുത്ത് കുശാൽ'തന്നെ.
പ്രവാസലോകത്ത് എത്തിയതോടെ ഒരു മുറിക്കുള്ളിൽ ഞാനും മോനും ഭർത്താവും മാത്രമായി ചുരുങ്ങി. രാവും പകലുമില്ലാതെ ഡ്യൂട്ടി സമയവും. അതിനിടയിൽ ഉണ്ടോ ഉറങ്ങിയോ എന്നുപോലും നോക്കാൻ സമയമില്ലാത്ത നമ്മൾ പ്രവാസികൾക്ക് എല്ലാം ഓർമകളായി അവശേഷിക്കാനാണ് വിധി. ഡ്യൂട്ടി സമയം രണ്ടു മണിക്കൂർ കുറയുമെന്നത് മാത്രമാണ് ആകെയുള്ള സമാധാനം.
മൂന്നുപേർക്കുള്ള പത്തിരിയും കറിയും പിന്നെ എന്തെങ്കിലും ഒരുകൂട്ടം പലഹാരവും. പ്രവാസിയുടെ നോമ്പുതുറ മിനിമം മോഹങ്ങളിലേക്ക് ചുരുങ്ങിപ്പോകുന്നു.
പ്രവാസി അടുക്കള മെലിഞ്ഞുണങ്ങിയിരിക്കുന്നു. ചൈനയിൽനിന്നെത്തിയ വിദേശി 'വൈറസ്' രണ്ടു വർഷമായി നോമ്പുകാലം പൂർണമായി വിഴുങ്ങി. ഇക്കുറി പ്രവാസിക്കു മുന്നിൽ നാടും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.