ദുബൈ: ഒരു വിവാദം മുതലെടുത്ത് സിനിമയുടെ പ്രമോഷന് ഉപയോഗിക്കുന്ന ഒരാളല്ല താനെന്ന് നടൻ ആസിഫലി. അന്നത്തെ സംഭവം ഒരു വിവാദമാവേണ്ടിയിരുന്നില്ല. പക്ഷേ, അത് സംഭവിച്ചു. പക്ഷേ, ഒരിക്കലും തന്റെ സിനിമയുടെ പ്രമോഷനുവേണ്ടി ആ വിവാദത്തെ ഉപയോഗിച്ചിട്ടില്ലെന്നും ആസിഫ് ദുബൈയിൽ പറഞ്ഞു.
ആഗസ്റ്റ് രണ്ടിന് റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ ‘അഡിയോസ് അമിഗോ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിവാദമുണ്ടായതുകൊണ്ട് സിനിമക്ക് കൂടുതൽ റീച്ച് കിട്ടുമെന്നോ കൂടുതൽ ആളുകൾ കാണുമെന്നോ വിശ്വസിക്കുന്നില്ല. എന്നാൽ, പ്രേക്ഷകരുടെ പിന്തുണ തന്നെ അത്ഭുതപ്പെടുത്തി.
നിർഭാഗ്യകരമായ ആ സംഭവം മികച്ച ക്ലൈമാക്സോടെ അവസാനിച്ചുകഴിഞ്ഞു. കുട്ടികൾക്ക് ആസിഫലി എന്ന് പേരിടട്ടെ എന്ന് ചോദിച്ച് ആളുകൾ സമീപിക്കാറുണ്ട്. തന്നോടുള്ള അവരുടെ ഇഷ്ടം കൊണ്ടാണതെന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആസിഫലിയെ കൂടാതെ, സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ മറ്റൊരു കഥാപാത്രം അവതരിപ്പിക്കുന്നത്. സീരിയസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പഴയ സുരാജിന്റെ തിരിച്ചുവരവായിരിക്കും പുതിയ ചിത്രമെന്ന് സുരാജ് പറഞ്ഞു.
നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് തങ്കം ആണ്. ‘കെട്ട്യോളാണ് മാലാഖ’ക്കുശേഷം തങ്കം രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘അഡിയോസ് അമിഗോ’. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
ദുബൈ ഗൾഫ് ഇൻ ഹോട്ടൽ അൽ നസറിൽ നടന്ന വാർത്ത സമ്മേളനത്തിൽ നഹാസ് നാസർ, ആഷിഖ് ഉസ്മാൻ, തങ്കം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.