ദുബൈ: യു.എ.ഇയുടെ അധ്യക്ഷതയിൽ ഈ മാസം നടക്കുന്ന യു.എൻ. രക്ഷ കൗൺസിലിൽ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയങ്ങൾ യു.എ.ഇ പുറത്തുവിട്ടു. ഐക്യരാഷ്ട്ര സഭയും അറബ് ലീഗും തമ്മിലുള്ള പരസ്പര സഹകരണം, കാലാവസ്ഥ വ്യതിയാനം, സമാധാനം, സാഹോദര്യം, വിവിധ രാജ്യങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ എന്നിവയിൽ ഊന്നിയ ചർച്ചകളായിരിക്കും രക്ഷ കൗൺസിലിൽ മുഖ്യമായും നടക്കുകയെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ലന സാക്കി നുസൈബ പറഞ്ഞു. മറ്റ് പ്രമേയങ്ങൾ അംഗീകരിക്കാനുള്ള സവിശേഷ സാഹചര്യം ഒരുക്കുന്നതുൾപ്പെടെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ മറ്റ് അംഗങ്ങളുടെ സഹകരണത്തിൽ ഒരുക്കിവരുകയാണെന്നും അവർ പറഞ്ഞു.
സുരക്ഷ കൗൺസിലിന് സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുമായുള്ള രണ്ട് യോഗങ്ങൾ, 13 കൂടിയാലോചനകൾ, അനൗപചാരിക സംഭാഷണങ്ങൾ, ഏഴ് ഏറ്റെടുക്കലുകൾ ഉൾപ്പെടെ 17 വിഷയങ്ങളിലുള്ള വിശദീകരണങ്ങളാണ് കൗൺസിലിൽ നടക്കുക. കാലാവധി തീരുന്നതിന് മുമ്പ് രണ്ട് തവണ സുരക്ഷ കൗൺസിലിന്റെ അധ്യക്ഷ പദവി നിർവഹിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സമാധാനം ഉറപ്പുവരുത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും കൗൺസിലിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഇക്കാലയളവിൽ നിർവഹിക്കാനായെന്നും നുസൈബ പറഞ്ഞു.
ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും അംഗങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെക്കാനുള്ള ഒരു പാലമായി വർത്തിച്ച് ആഗോള വിഷയങ്ങളിൽ ഐക്യം രൂപപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. ജൂൺ എട്ടിന് യു.എന്നും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട് ഉന്നത ചർച്ചകൾ യു.എ.ഇയുടെ അധ്യക്ഷതയിൽ നടക്കും. കാലാവസ്ഥ വ്യതിയാനം, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിൽ ജൂൺ 13ന് മന്ത്രിതലത്തിലുള്ള തുറന്ന ചർച്ചകളും സംഘടിപ്പിക്കും. 14ന് സമാധാനം നിലനിർത്തുന്നതിന്റെയും മാനുഷിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെയും മൂല്യത്തെ കുറിച്ചുള്ള മന്ത്രിതല വിശദീകരണങ്ങളും നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.