ദുബൈ: പ്രതിരോധ കുത്തിവെപ്പുകൾ പകർച്ചവ്യാധികൾ തടയാൻ ഫലപ്രദമാണെന്നും ഗൾഫ് രാജ്യങ്ങളിൽ ഓരോ വർഷവും 50 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നും ഗൾഫ് ഹെൽത്ത് കൗൺസിൽ. ഗൾഫ് വാക്സിനേഷൻ ദിനാചരണത്തോട് അനുബന്ധിച്ചാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടത്.
യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്കിടയിൽ ആരോഗ്യ മേഖലയിൽ സഹകരണത്തിന് പ്രവർത്തിക്കുന്ന വേദിയാണ് ഗൾഫ് ഹെൽത്ത് കൗൺസിൽ. ചില രോഗങ്ങൾ പൂർണമായും തുടച്ചുനീക്കാൻ പ്രതിരോധ കുത്തിവെപ്പുകൾ വഴി സാധിച്ചെന്നും അധികൃതർ വ്യക്തമാക്കി. ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ, ഇൻഫ്ലുവൻസ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളിൽ നിന്ന് ഓരോ വർഷവും നിരവധി പേർ രക്ഷപ്പെടുന്നത് കുത്തിവെപ്പ് കാരണമാണെന്നും ചൂണ്ടിക്കാണിച്ചു. അവസാനമായി കോവിഡ് പ്രതിരോധ രംഗത്തും ഗൾഫ് രാജ്യങ്ങൾക്ക് മറ്റു ലോക രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ആരോഗ്യ രംഗത്ത് മികച്ച സംവിധാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
ഇതിന്റെകൂടി സഹായത്തിലാണ് കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചത്. ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങൾ പരസ്പരം സഹായങ്ങൾ നൽകുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തുവരുന്നുണ്ട്. വാക്സിനുകൾ രോഗങ്ങളെ തടയുന്നതിനും അണുബാധയുടെ ലക്ഷണങ്ങൾ കുറക്കുന്നതിനും 99 ശതമാനം സഹായകരമാണെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. എം.എം.ആർ വാക്സിന്റെ ഒരു ഡോസ് റൂബെല്ലക്കെതിരെ 97 ശതമാനം സംരക്ഷണം നൽകുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ എന്നിവയുടെ വാക്സിനുകൾ ദീർഘകാലത്തേക്ക് ശക്തമായ പ്രതിരോധശേഷി നൽകാത്തതിനാൽ ബൂസ്റ്ററുകൾ വേണ്ടിവരുന്നുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.