ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ സംഘടനകൾക്ക് ധനസഹായം തടയൽ എന്നീ നിയമങ്ങൾ (എ.എം.എൽ/സി.എഫ്.ടി) ലംഘിച്ചതിന് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) സ്വകാര്യ ബാങ്കിന് 58 ലക്ഷം ദിർഹം പിഴ ചുമത്തി. പരിശോധനയിൽ എ.എം.എൽ/സി.എഫ്.ടി നയങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ ബാങ്ക് വീഴ്ചവരുത്തിയതായി കണ്ടെത്തി തുടർന്നാണ് നടപടിയെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. 2018ലെ ഫെഡറൽ നിയമപ്രകാരം ബാങ്കിന് സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.
നടപടിക്ക് വിധേയമായ ബാങ്കിന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കർശന നിയന്ത്രണങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയും രാജ്യത്തെ നിയമങ്ങൾ എല്ലാ ബാങ്കുകളും ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് സി.ബി.യു.എ.ഇ വ്യക്തമാക്കി. ബാങ്കിങ് മേഖലയുടെയും രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെയും സുതാര്യതയും വിശ്വാസവും സംരക്ഷിക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെ നിയമലംഘനം നടത്തിയ ഗാലക്സി ഇൻഷുറൻസ് (ഗാലക്സി) എന്ന കമ്പനിയുടെ ലൈസൻസ് സെൻട്രൽ ബാങ്ക് പിൻവലിച്ചിരുന്നു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ഭരണപരമായ ഉപരോധവും കമ്പനിക്കെതിരെ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.