ദുബൈ: കാലാവധി തീർന്ന സന്ദർശക വിസക്കാർക്ക് യു.എ.ഇയിൽ തങ്ങുന്നതിന് സർക്കാർ നീട്ടിനൽകിയ സൗജന്യ കാലാവധി അവസാനിച്ചു. ഇതോടെ, മാർച്ച് ഒന്നിനുശേഷം വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർ ഇനിമുതൽ പിഴ അടക്കേണ്ടിവരും. ആദ്യ ദിവസം 200 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിർഹമും വീതമാണ് പിഴ. എന്നാൽ, മുൻകാലങ്ങളിലെ പിഴകൂടി ഈടാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാർച്ച് ഒന്നിനുശേഷം വിസിറ്റിങ് വിസയുടെ കാലാവധി അവസാനിച്ചവർക്കാണ് യു.എ.ഇ സെപ്റ്റംബർ 11 വരെ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയത്. ഭൂരിപക്ഷം പ്രവാസികളും വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, കേസുകൾമൂലം നാടുവിടാൻ കഴിയാത്തവരാണ് ഇനിയും ഇവിടെ തങ്ങുന്നത്.
കഴിഞ്ഞ മാസം വിസ കാലാവധി നീട്ടിനൽകിയതിനാൽ ഇക്കുറിയും നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ ഇവിടെ തങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികളിൽ വൻ തിരക്കായിരുന്നുവെന്ന് ഏജൻസി ഉടമകൾ പറഞ്ഞു. അതേസമയം, മാർച്ച് ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ചവർക്ക് രാജ്യം വിടാൻ നവംബർ 17 വരെ സമയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.