അബൂദബി: ഒരു ദിവസത്തെ ഔദ്യോഗിക സന്ദർനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി. രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർനം പൂർത്തിയാക്കിയ അദ്ദേഹം മടക്കയാത്രയിലാണ് ശനിയാഴ്ച രാവിലെ യു.എ.ഇയിലെത്തിയത്. അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മ സ്വീകരണമാണ് യു.എ.ഇ ഒരുക്കിയത്.
വിമാനത്താവളത്തിൽ അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താളവത്തിൽ ഊഷ്മളമായ സ്വീകരണം ഒരുക്കിയ അബൂദബി കിരീടവകാശിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ശക്തിപ്പെടുത്തുന്നതിന് സന്ദർനം സഹായകമാവുമെന്നാണ് വിലയിരുത്തൽ. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, പ്രതിരോധം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണവുമായി മുന്നോട്ടുപോകുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്യും.
ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന് യു.എ.ഇ ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിൽ സഹകരണത്തിനുള്ള ചർച്ചകൾക്ക് സന്ദർനം വേദിയാകും. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 യിൽ യു.എ.ഇ പ്രത്യേക ക്ഷണിതാവുകൂടിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ബുർജ്ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.