ദുബൈ: ക്രിപ്റ്റോ കറൻസിയുടെ മറവിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി യു.എ.ഇ സർക്കാറിന്റെ സൈബർ സുരക്ഷസമിതി. ഇടപാടുകാർ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ ഭീഷണിയാണിതെന്നും വൻ ഓഫറുകളിൽ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിനപ്പുറം വ്യക്തികളുടെ സ്വകാര്യവിവരങ്ങളടക്കം അപകടത്തിലാകുന്ന തലം ക്രിപ്റ്റോ തട്ടിപ്പുകൾക്കുണ്ടെന്ന് സൈബർ സുരക്ഷസമിതി ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകളും പഠനങ്ങളും ഈ അപകടങ്ങൾ വ്യക്തമാക്കുന്നതായും ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വർധിച്ച ആശങ്കയിലാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഭീഷണികളിൽനിന്ന് ധനകാര്യ മേഖലയെ സംരക്ഷിക്കുന്നതിനും സൈബർ മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിപ്റ്റോ കറൻസികളിലെ പൊതുവായ തട്ടിപ്പ് രീതികളും പ്രസ്താവനയിൽ വിശദീകരിച്ചു. വ്യാജ ഇ-മെയിലുകളിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ധനകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ഒരു രീതി. അതോടൊപ്പം ആപ്പുകളോ വെബ്സൈറ്റുകളോ ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറൻസി വാലറ്റുകൾ മോഷ്ടിക്കുന്ന രീതിയുമുണ്ട്. ക്രിപ്റ്റോ കറൻസികൾ പ്രവർത്തിപ്പിക്കുന്നതിലൂടെ നിശ്ചിത ലാഭം വാഗ്ദാനം ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ് രീതി. ഈ രീതി വഴി യഥാർഥത്തിൽ ഉപഭോക്താക്കളുടെ പണം അപഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ക്രിപ്റ്റോ കറൻസി മേഖലയിൽ ഇടപെടുമ്പോൾ സുരക്ഷിത രീതികൾ പിന്തുടരണമെന്ന് സൈബർ സുരക്ഷ സമിതി ചെയർമാൻ ആവശ്യപ്പെട്ടു. വ്യക്തികളും കമ്പനികളും പിന്തുടരേണ്ട പ്രധാന കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഓരോ അക്കൗണ്ടിനും ശക്തമായ പാസ്വേഡ് ഉപയോഗിക്കുക, രണ്ടുതവണ ആധികാരികത ഉറപ്പുവരുത്തുന്ന രീതി പിന്തുടരുക, സാധാരണ തട്ടിപ്പുരീതികൾ മനസ്സിലാക്കുകയും ഇത്തരം സന്ദർഭങ്ങളിൽനിന്ന് മാറിനിൽക്കുകയും ചെയ്യുക എന്നിവയാണ് നിർദേശിച്ചിട്ടുള്ളത്. ഏത് കമ്പനിയിലും പ്ലാറ്റ്ഫോമിലും നിക്ഷേപിക്കുന്നതിന് മുമ്പ് നിയമസാധുത ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ വരെ 11മാസങ്ങളിലായി ഏകദേശം 238കോടി ഡോളർ ക്രിപ്റ്റോ തട്ടിപ്പുകൾ വഴി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഈ മേഖലയെ നിരീക്ഷിക്കുന്ന ആഗോള സംവിധാനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിജിറ്റൽ ആസ്തികളുടെ സുരക്ഷക്ക് വലിയ ഭീഷണിയാണുള്ളതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. സമഗ്ര സൈബർ സുരക്ഷ നയം രൂപപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് 2020 നവംബറിലാണ് യു.എ.ഇ മന്ത്രിസഭ സൈബർ സുരക്ഷസമിതിക്ക് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.