ഷാർജയുടെ 'വലിയ ഹൃദയം' അഫ്ഗാനിലെ തണുപ്പകറ്റും

ഷാർജ: ആഭ്യന്തര പ്രശ്നങ്ങൾ വഴി വൻ ദുരന്തത്തിന്‍റെ വക്കിലെത്തിയ അഫ്ഗാനിലെ ജനങ്ങളെ കൊടുംതണുപ്പിൽ നിന്ന് രക്ഷിക്കാൻ ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടനയായ 'ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ' (ടി.ബി.എച്ച്.എഫ്) രംഗത്ത്. സംഘർഷം മൂലം കുടിയൊഴിപ്പിക്കപ്പെടുകയും പലായനം ചെയ്യുകയും ചെയ്ത 40 ലക്ഷത്തിലധികം പേരുടെ ദുരിതം അകറ്റാനാണ് കോർപ്പറേറ്റ് സ്ഥാപനങ്ങളോടും വ്യക്തികളോടും 2022 ഫെബ്രുവരി 19 വരെ നടക്കുന്ന 'എ വാം വിന്‍റർ' ഡ്രൈവിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. കുടിയിറക്കപ്പെട്ട ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കും കുട്ടികൾക്കും കൊടും തണുപ്പിനെ അതിജീവിക്കാൻ ശരിയായ പാർപ്പിടമോ കമ്പിളി വസ്ത്രങ്ങളോ ഇല്ല. ഇന്ധനത്തിന്‍റെയും ഷെൽട്ടറുകളുടെയും അഭാവം, സംരക്ഷണ വസ്ത്രങ്ങൾ, ഭക്ഷണ-മരുന്നുകളുടെ കുറവ് എന്നിവ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നത് കണക്കിലെടുത്താണ് ക്രിയാത്മകമായി ഇടപ്പെടാനുള്ള ഷാർജയുടെ ആഹ്വാനം.

വർഷങ്ങളായുള്ള വരൾച്ച, പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, സാമ്പത്തിക-ആരോഗ്യ പ്രതിസന്ധികൾ എന്നിവ മൂലം അഫ്ഗാനിലെ ബഹുഭൂരിപക്ഷം പേരും ദുരിതങ്ങൾ പേറുകയാണ്. രാജ്യത്ത്​ ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും വില അനുദിനം കുതിച്ചുയരുകയാണെന്നും കുറഞ്ഞത് 20ലക്ഷം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര ഏജൻസികൾ പുറത്തുവിട്ട കണക്ക് വ്യക്​തമാക്കുന്നുണ്ട്​.

കോർപ്പറേറ്റ്, സ്ഥാപന, വ്യക്തിഗത ദാതാക്കൾക്ക് ബാങ്ക് ട്രാൻസ്ഫർ, ചെക്ക്, ക്യാഷ് പേയ്‌മെന്റ്, എസ്.എം.എസ് വഴിയോ, അല്ലെങ്കിൽ tbhf.ae/warmwinter ലിങ്ക് വഴി ഓൺലൈനായി സംഭാവന ചെയ്യാവുന്നതാണെന്ന് ടി.ബി.എച്ച്.എഫ് ഡയറക്ടർ മറിയം അൽ ഹമ്മാദി പറഞ്ഞു. ഷാർജ ഭരണാധികാരിയുടെ പത്നിയും ബിഗ് ഹാർട്ട് ഫൗണ്ടേഷന്‍റെ ചെയർപേഴ്‌സണും ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം അഭയാർഥി പ്രതികരണ പദ്ധതികൾക്ക് കീഴിലാണ് 'വാം വിന്‍റർ ഡ്രൈവ്' നടക്കുന്നത്. ശൈത്യകാലത്തിന്‍റെ വിനാശകരമായ ആഘാതങ്ങളിൽ നിന്ന് ലോകമെമ്പാടുമുള്ള ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    
News Summary - winter aid to Afghan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.