ഫുജൈറ: ശൈത്യകാലത്തിനു തുടക്കമായതോടെ ദിബ്ബ പർവത പ്രദേശങ്ങളില്‍ കൂടാരങ്ങള്‍ ഒരുങ്ങുകയായി. ദിബ്ബ-ഫുജൈറ പർവത പ്രദേശങ്ങളിൽ കൂടാരങ്ങൾ സ്ഥാപിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരുടെ വലിയ തിരക്കാണ് കാണപ്പെടുന്നത്.
വാരാന്ത്യ ദിനങ്ങളില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ കുടുംബസമേതം ദിവസങ്ങൾ കൂടാരങ്ങളില്‍ സമയം ചെലവഴിക്കും. ദേശീയ ദിന അവധി കൂടി എത്തുന്നതോടെ വലിയ തിരക്കായിരിക്കും ഇവിടെ അനുഭവപ്പെടുക. അവധിക്കാലം പൂര്‍ണമായും ഇവിടെ ചെലവഴിക്കാവുന്ന രീതിയില്‍ എല്ലാവിധ സൗകര്യത്തോടും കൂടിയ മനോഹരമായ വലിയ ടെന്റുകളും നിർമിക്കാറുണ്ട്.
അബൂദബി, ദുബൈ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ കുടുംബങ്ങളാണ് കൂടുതലും ഇവിടെ എത്താറുള്ളത്. ഇവിടെ രാത്രി തങ്ങാന്‍ ആവശ്യമായ രീതിയില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ ദിബ്ബ മുനിസിപ്പാലിറ്റിയുടെ അനുവാദം ആവശ്യമാണ്.
ഏകദേശം 385 പെർമിറ്റുകൾ ഇതുവരെയായി നല്‍കിയതായി ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ ഹസൻ സാലം അൽ യമാഹി പറഞ്ഞു.
പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവ പാലിക്കാന്‍ സന്ദര്‍ശകര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും മുനിസിപ്പാലിറ്റി സജ്ജീകരിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലെ സുരക്ഷ, വിനോദസഞ്ചാര മേഖലകളിലെ പൊതു ശുചിത്വം, ക്യാമ്പിങ് കാലയളവിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ മുനിസിപ്പാലിറ്റി ഉറപ്പാക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ അന്വേഷണങ്ങളും പരാതികളും സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഓഫിസ് സ്ഥാപിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇവിടെ വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും മുനിസിപ്പാലിറ്റി ശ്രദ്ധ ചെലുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.