റഷ്യയുടെ രാവുകൾക്ക് പകലിനേക്കാളേറെ തിളക്കവും തെളിച്ചവുമാണ്. 'വൈറ്റ് നൈറ്റ്' എന്നാണ് അന്നാട്ടുകാർ രാത്രികളെ വിശേഷിപ്പിക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിളിക്കുന്നത് ബ്രിട്ടനെയാണെങ്കിലും റഷ്യക്കും ഈ വിശേഷം ചേരുമെന്ന് അവിടെയെത്തുമ്പോൾ തോന്നും. ഇരുൾ വീഴാത്ത രാത്രികളെ ആഘോഷമാക്കിയാണ് റഷ്യക്കാർ ലോകകപ്പ് കൊണ്ടാടിയത്.
ചെറുപ്പകാലം മുതൽ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ് ഫുട്ബാൾ. 1986 ലോകകപ്പിൽ വീട്ടിൽ ടി.വി വാങ്ങിയ കഥ അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. അന്നെനിക്ക് നാലുവയസ്സാണ്. കൃത്യമായ ഓർമകളില്ല. പക്ഷേ, നാട്ടുകാരൊന്നാകെ വീട്ടിലെത്തി ആഘോഷപൂർവം കളികൾ കണ്ട കഥ കേട്ടിട്ടുണ്ട്. 1990 ലോകകപ്പാണ് ഓർമയിലുള്ള ആദ്യ ലോകകപ്പ്.
2018 ലോകകപ്പിനായി റഷ്യയിലേക്ക് തിരിക്കാൻ ആലോചിച്ചതിന്റെ ഒന്നാമത്തെ കാരണം അർജന്റീനയും മെസ്സിയുമായിരുന്നു. മിശിഹയെ കാണണം, അവർക്കായി ആർപ്പുവിളിക്കണം. അർജന്റീന ഗ്രൂപ് ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിൽ പ്രീ ക്വാർട്ടറിൽ അർജന്റീന എത്താൻ സാധ്യതയുള്ള മത്സരങ്ങളുടെ ടിക്കറ്റെടുത്തിരുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി എന്നീ മത്സരങ്ങൾക്കാണ് ടിക്കറ്റെടുത്തിരുന്നത്. ഞങ്ങളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി അർജന്റീന ആദ്യ റൗണ്ടിൽ ക്രൊയേഷ്യയോട് തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ ഗ്രൂപ്പിൽ അർജന്റീന രണ്ടാം സ്ഥാനത്തായി. ഇതോടെ ഫിക്സ്ചറും മാറിമറിഞ്ഞു. അർജന്റീനയെ പ്രതീക്ഷിച്ചിടത്തെല്ലാം ക്രൊയേഷ്യയെത്തി. ഫൈനൽ ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും അർജന്റീന ഫൈനലിൽ എത്തുമെന്നുറപ്പില്ലാത്തതിനാൽ ടിക്കറ്റ് എടുത്തില്ല. ഇതോടെ ക്രൊയേഷ്യയുടെ രണ്ട് മത്സരങ്ങൾക്കണ്ട് ഞങ്ങൾ തൃപ്തിയടഞ്ഞു.
റഷ്യൻ ഫാൻസിനെക്കുറിച്ചുള്ള മുൻധാരണകൾ തിരുത്തുന്നതായിരുന്നു അവിടെയുള്ളവരുടെ പെരുമാറ്റം. അക്രമാസക്തരാവുന്നവരാണ് റഷ്യക്കാർ എന്ന് നേരത്തെ കേട്ടിരുന്നു. എന്നാൽ, വ്യത്യസ്തമായിരുന്നു ഞങ്ങൾക്കുണ്ടായ അനുഭവം. നാട്ടുകാർ മുതൽ വളന്റിയേഴ്സ് വരെ എല്ലാവരും സദാ സഹായമനസ്കരായി മുന്നിലുണ്ടായിരുന്നു. സോച്ചിയിലായിരുന്നു ആദ്യ മത്സരം. ട്രെയിനിലായിരുന്നു യാത്ര. 90 ശതമാനവും റഷ്യക്കാരാണ്. ഈ യാത്രയിലാണ് കുറെ റഷ്യൻ സുഹൃത്തുക്കളെ കിട്ടിയത്. അവർക്കൊപ്പം ട്രെയിനിലെ പാൻട്രിയിൽ ഭക്ഷണമുണ്ടാക്കിയും കഴിച്ചും ആഘോഷത്തോടെയായിരുന്നു യാത്ര. ല്ലാം. രണ്ട് മത്സരങ്ങൾക്കിടയിൽ കിട്ടിയ ആറുദിവസത്തെ ഇടവേളയിൽ മോസ്കോ മുഴുവൻ കറങ്ങി. ഇതിനിടയിലാണ് കഫു മുന്നിൽ വന്നുപെട്ടത്. സെന്റ് ബസിലിക്ക പള്ളിയിലെത്തിയപ്പോഴാണ് കഫുവിനെ കണ്ടത്. ഇംഗ്ലണ്ട് പരിശീലകൻ ഗരത് സൗത്ത് ഗേറ്റിന്റെ അപരനെ കണ്ടതാണ് മറ്റൊരു രസകരമായ അനുഭവം. ഒറിജിനൽ സൗത്ത് ഗേറ്റാണെന്ന് കരുതി അദ്ദേഹത്തിനൊപ്പം ചിത്രങ്ങൾ പകർത്തിയിരുന്നു.. ക്രൊയേഷ്യയുടെ കളി കാണാൻ ഗാലറിയിലിരുന്ന എന്നോട് അടുത്തിരുന്ന അർജന്റീനക്കാരൻ സങ്കടം പങ്കുവെച്ചതും ഓർമിക്കുന്നു. സാമ്പാദ്യങ്ങളെല്ലാം ചെലവഴിച്ചാണ് അയാൾ അർജന്റീനയുടെ കളികാണാൻ എത്തിയത്.
റഷ്യയിൽ ഇന്ത്യക്കാർക്ക് വലിയ ബഹുമാനമാണ് കിട്ടിയിരുന്നത്. വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷകളുടെയും സംഗമമായിരുന്നു ലോകകപ്പ്. റഷ്യയിലെ ഫാൻസോണിലെത്തിയും കളി കണ്ടിരുന്നു. അന്ന് കാണാതെപോയ മെസ്സിയെ ഇക്കുറി അബൂദബിയിൽവെച്ച് കാണാമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. 16ന് അബൂദബിയിൽ നടക്കുന്ന അർജന്റീന-യു.എ.ഇ പരിശീലന മത്സരത്തിനായി ടിക്കറ്റെടുത്തിട്ടുണ്ട്.
സുഹാസ് ഡേവിസ് തെക്കേക്കര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.