ദുബൈ: അന്താരാഷ്ട സന്തോഷ ദിനമായ വ്യാഴാഴ്ച യു.എൻ ആഭിമുഖ്യത്തിൽ പുറത്തുവിട്ട റിപ്പോർട്ടിൽ യു.എ.ഇക്ക് നേട്ടം. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ലോകത്തെ മുൻനിര രാജ്യങ്ങളെ പിന്തള്ളി സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ 21ാം സ്ഥാനം നേടി.
ആദ്യ 25 സ്ഥാനങ്ങൾക്കകത്ത് എത്തിച്ചേരുന്ന ഏക ഗർഫ് രാഷ്ട്രമാണ് ഇമാറാത്ത്. യു.എസ്, യു.കെ, ജർമനി അടക്കമുള്ള രാജ്യങ്ങളേക്കാൾ ഉയർന്ന നിലയിലാണ് യു.എ.ഇ സ്ഥാനം പിടിച്ചിരിക്കുന്നത്. പട്ടികയിൽ കുവൈത്ത് 30 സ്ഥാനത്തും സൗദി 32ാം സ്ഥാനത്തും ഇടംപിടിച്ചപ്പോൾ ഒമാൻ 52ാമതും ബഹ്റൈൻ 59ാം സ്ഥാനത്തുമാണുള്ളത്.
വ്യക്തികളുടെ ജീവിത സംതൃപ്തിയുടെ മൂന്ന് വർഷത്തെ ശരാശരി, പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം, സഹായം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് സന്തോഷ റാങ്കിങ് തയാറാക്കിയിരിക്കുന്നത്. സ്വന്തം ജീവിതത്തെ വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോൾ ലഭിച്ച ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യ റാങ്കിങ് നിർണയിച്ചത്.
കഴിഞ്ഞ വർഷം യു.എ.ഇ 22ാം സ്ഥാനത്തായിരുന്നു ഇടംപിടിച്ചത്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന സ്ഥാനം ഫിൻലൻഡിനാണ്. അതേസമയം ആഗോള റാങ്കിങ്ങിലെ എക്കാലത്തെയും താഴ്ന്ന നിലയായ 24ാം സ്ഥാനത്താണ് യു.എസുള്ളത്. ഡെൻമാർക്, ഐസ്ലൻഡ്, സ്വീഡൻ എന്നിവയാണ് ഫിൻലൻഡിനുശേഷം പട്ടികയിൽ മുന്നിലുള്ളത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 118ാം സ്ഥാനത്താണെങ്കിൽ പാകിസ്താൻ 109ാം സ്ഥാനത്ത് ഇടംപിടിച്ചു. അഫ്ഗാനിസ്താൻ 147ാമതാണ് പട്ടികയിലാണുള്ളത്. അറബ് രാജ്യങ്ങളിൽ, ലോക സന്തോഷ റിപ്പോർട്ടിൽ അൽജീരിയ 84ാം സ്ഥാനത്തും, ഇറാഖ് 101ാം സ്ഥാനത്തും ഫലസ്തീൻ 108ാം സ്ഥാനത്തുമാണുള്ളത്.
ഓക്സ്ഫഡ് സർവകലാശാലയിലെ വെൽബീയിങ് റിസർച് സെന്ററാണ് പഠനം പ്രസിദ്ധീകരിച്ചത്. ‘ഗാലപ്പി’ന്റെയും യു.എൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്കിന്റെയും പങ്കാളിത്തത്തോടെയാണ് റിപ്പോർട്ട് സമാഹരിച്ചത്.
ഉദാരമായ പ്രവൃത്തികളും മറ്റുള്ളവരോട് ദയ കാണിക്കുന്നതും ഉയർന്ന ശമ്പളം നേടുന്നതിനേക്കാൾ സന്തോഷത്തിന്റെ പ്രധാന ഘടകങ്ങളാണെന്നാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ഈ വർഷത്തെ സന്തോഷ റിപ്പോർട്ടിന്റെ രചയിതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.